'രാഷ്ട്രപത്‌നി' പരാമർശം: അധിർ രഞ്ജൻ ചൗധരിക്ക് വനിതാ കമ്മീഷൻ നോട്ടീസ്

ഓഗസ്റ്റ് 3 ന് ഹാജരായി വിശദീകരണം നൽകണമെന്ന് നിർദേശം

Update: 2022-07-28 12:09 GMT
Editor : abs | By : Web Desk
Advertising

ഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് ലോക്‌സഭ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി നടത്തിയ 'രാഷ്ട്രപത്‌നി' പരാമർശത്തിൽ  ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഓഗസ്റ്റ് 3 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം.

ചൗധരി നടത്തിയ പരാമർശം, അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന് വനിതാ കമ്മീഷൻ വിലയിരുത്തി. അതേസമയം രാഷ്ട്രപതിയെ നേരിൽ കാണാൻ അധിർ രഞ്ജൻ ചൗധരി സമയം തേടി. നേരിട്ട് ഖേദം അറിയിക്കാൻ തയ്യാറാണെന്നും ചൗധരി അറിയിച്ചു. രാഷ്ട്രപതിയോട് നേരിട്ട് മാപ്പ് പറയാം. കാണാനാനായി സമയം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിനെ അധിക്ഷേപിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെന്നും പ്രശ്‌നത്തിലേക്ക് സോണിയാഗാന്ധിയെ വലിച്ചിഴക്കുന്നത് എന്തിനെന്നും അധിർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.

സംഭവത്തെ ബിജെപി രാഷ്ട്രീയ ആയുധമാക്കി എടുത്തിട്ടുണ്ട്. മുർമുവിനെ കോൺഗ്രസ് അവഹേളിച്ചുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. കോൺഗ്രസ് ആദിവാസി വിരുദ്ധരാണെന്ന് സ്മൃതി കുറ്റപ്പെടുത്തി. നിർമ്മല സീതാരാമൻറെ നേതൃത്വത്തിൽ വനിത എം.പിമാർ പാർലമെൻറ് വളപ്പിൽ പ്രതിഷേധിച്ചു.

എന്നാൽ അധീർ രഞ്ജൻ ചൗധരിക്ക് പറ്റിയ നാക്കുപിഴയാണെന്നും അതിലവർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയാ ഗാന്ധി പ്രതികരിച്ചു. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധിർ രഞ്ജൻ ചൗധരി വിവാദ പരാമർശം നടത്തിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News