ഭീകരവാദ, ബോംബ് സ്‌ഫോടന വിവരങ്ങളുമായി കേന്ദ്ര സർക്കാർ ദേശീയ ഡാറ്റാബേസ് തയാറാക്കുന്നു

ദേശീയ അന്വേഷണ ഏജൻസിയുടെ 13-ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്

Update: 2022-04-22 08:16 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങളെയും ബോംബ് സ്‌ഫോടനങ്ങളെയും കുറിച്ചുള്ള വിശദ വിവരങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ ദേശീയ ഡാറ്റാബേസ് തയാറാക്കുന്നു. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർത്താണ് ഡാറ്റാബേസ് ഒരുങ്ങുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എൻ.ഐ.എ വാർഷികത്തിൽ അമിത് ഷായുടെ പ്രഖ്യാപനം

ഭീകരവാദം, ഭീകരപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം, ബോംബ് സ്‌ഫോടനങ്ങൾ, നാർകോട്ടിക്‌സ്, വ്യാജനോട്ട്, ഹവാല, ആയുധക്കടത്ത് തുടങ്ങിയ വിവരങ്ങൾ ചേർത്തായിരിക്കും ഡാറ്റാബേസെന്നാണ് അമിത് ഷാ വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമുള്ള പൊലീസും നടത്തുന്ന അന്വേഷണങ്ങൾക്ക് സഹായകരമാകുന്ന തരത്തിലാണ് ഇത് തയാറാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യുടെ 13-ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. തീവ്രവാദ കേസുകളിൽ അന്വേഷണത്തിനും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനും സഹായകരമായിരിക്കും ഡാറ്റാബേസെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഐ.എയും കേന്ദ്ര ഭീകരവിരുദ്ധ അന്വേഷണ ഏജൻസിയായ നാഷനൽ ഇന്റലിജൻസ് ഗ്രിഡും ഇന്റലിജൻസ് ബ്യൂറോയും ചേർന്നാണ് ഡാറ്റാബേസ് തയാറാക്കുന്നതെന്നും അമിത് ഷാ വെളിപ്പെടുത്തി.

ഏതു വിവരവും സൂക്ഷിച്ചുവച്ചാൽ ഒരു ഉപകാരവുമില്ല. എന്നാൽ, അവ പരസ്പരം പങ്കുവയ്ക്കപ്പെടുകയും കൃത്യമായി അവലോകനം ചെയ്യപ്പെടുകയും ചെയ്താൽ വളരെ ഉപകാരപ്രദമാകുമത്-അമിത് ഷാ കൂട്ടിച്ചേർത്തു. കഴിഞ്ഞ 13 വർഷത്തനിടെ ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളിലുള്ള അന്വേഷണത്തിലും പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും മികച്ച പ്രവർത്തനമാണ് എൻ.ഐ.എ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2009ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നാലെയാണ് ദേശീയ അന്വേഷണ ഏജൻസി രൂപീകരിക്കുന്നത്. കഴിഞ്ഞ 13 വർഷത്തിനിടെ 93 ശതമാനമാണ് എൻ.ഐ.എ ഏറ്റെടുത്ത കേസുകളിലെ ശിക്ഷാനിരക്ക്. ഇതുവരെയായി 400 കേസുകളാണ് ഏജൻസി അന്വേഷിച്ചത്. ഇതിൽ 349 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു.

Summary: Centre preparing national database on internal security, says Amit Shah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News