മികച്ച നടി അപര്‍ണ ബാലമുരളി, സംവിധായകന്‍ സച്ചി; നടന്മാരായി അജയ് ദേവ്ഗണും സൂര്യയും; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
മികച്ച സഹനടന്‍ ബിജു മേനോന്‍, മികച്ച ഗായിക നഞ്ചിയമ്മ, അവാര്‍ഡുകള്‍ വാരിക്കൂട്ടി അയ്യപ്പനും കോശിയും
ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച നടിയായി അപര്‍ണാ ബാലമുരളിയെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച സംവിധായകനായി സച്ചിയെ തെരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടെടുത്തു. സുരറൈ പൊട്രിലെ അഭിനയമാണ് സൂര്യക്കും അപര്‍ണക്കും പുരസ്കാരം നേടിക്കൊടുത്തത്. സുരറൈ പോട്ര് തന്നെയാണ് മികച്ച ചിത്രവും.
മലയാളത്തിന് അഭിമാനമായി അയ്യപ്പനും കോശിയും അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചി നേടിയപ്പോള്‍ മികച്ച സഹനടനായി ബിജു മേനോനും മികച്ച ഗായികയായി നഞ്ചിയമ്മയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഘട്ടത്തിനുള്ള പുരസ്കാരം മാഫിയ ശശിയും സുപ്രീം സുന്ദറും കരസ്ഥമാക്കി.
തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചിത്രം. കാവ്യാ പ്രകാശിന്‍റെ വാങ്ക് പ്രത്യേക പരാമർശം നേടി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും സുരറൈ പോട്രിനാണ്.
സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശിനെ തെരഞ്ഞെടുത്തു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സിനിമാ പുസ്തകത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണൻ എഴുതിയ എം.ടി അനുഭവങ്ങളുടെ പുസ്തകം.നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം മലയാളിയായ നിഖിൽ എസ് പ്രവീണിനാണ്. ചിത്രം ശബ്ദിക്കുന്ന കലപ്പ.