'ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ എസിയടക്കം മോഷ്ടിച്ചു': തേജസ്വിക്കെതിരെ ബിജെപി; നിഷേധിച്ച് ആര്‍ജെഡി
ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ആര്‍ജെഡി
പറ്റ്ന: ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ സോഫയും എസിയും കിടക്കകളുമുള്‍പ്പടെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മോഷ്ടിച്ചുവെന്ന ആരോപണവുമായി ബിജെപി.
ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് തേജസ്വി യാദവ് ഉപയോഗിച്ചിരുന്ന വസതിയിലേക്ക് പുതിയ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മാറിയതിന് പിന്നാലെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.
ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ സോഫയും എസിയും കിടക്കകളുമുള്‍പ്പടെ പലതും കാണാനില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച ആര്‍ജെഡി വ്യക്തമായ കണക്കുകള്‍ പുറത്തു വിടാന്‍ ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു.
സാമ്രാട്ട് ചൗധരിയുടെ പേഴ്‌സണല്‍ സെക്രട്ടറി ശത്രുഘ്‌നന്‍ പ്രസാദാണ് ഇതുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോഫ, വാട്ടര്‍ ടാപ്പുകള്‍, വാഷ്‌ബേസിന്‍, ലൈറ്റുകള്‍, എസികള്‍, കിടക്കകള്‍ എന്നിവയെല്ലാം ഔദ്യോഗിക വസതിയില്‍ നിന്ന് കാണാതായെന്നാണ് ബിജെപി ആരോപിക്കുന്നത്.
അതേസമയം, ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ആര്‍ജെഡി പരിഹസിച്ചു. 'ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തേജസ്വി ഫോബിയയാണ്. തരംതാണ രാഷ്ട്രീയമാണ് അവര്‍ കളിക്കുന്നത്'- ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് തേജസ്വി യാദവ്, പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാറിയത്. പ്രതിപക്ഷ നേതാവിന് വേണ്ടി നിശ്ചയിച്ചിട്ടുള്ള വസതിയിലേക്ക് മാറാനാണ് യാദവിനോട് സുപ്രീംകോടതി നിർദ്ദേശിച്ചത്. ജെഡിയു സഖ്യത്തിലായിരുന്നു തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായിരുന്നത്. സഖ്യം പിരിഞ്ഞ് പ്രതിപക്ഷ നേതാവ് ആയെങ്കിലും ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്നു ഉപയോഗിച്ചിരുന്നത്.