ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടിവലിച്ചു കൊന്ന സംഭവം; മുഖ്യപ്രതിയുടെ വീട് പൊളിച്ച് ഭരണകൂടം
മധ്യപ്രദേശില്‍ 40കാരനായ കന്നയ്യലാല്‍ ഭീലിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഖ്യപ്രതിയുടെ വീട് തദ്ദേശ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റുകയായിരുന്നു
മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ ലോറിയുടെ പിന്നില്‍കെട്ടി വലിച്ചിഴച്ചു കൊന്ന സംഭവത്തില്‍ വിചിത്ര നടപടിയുമായി ഭരണകൂടം. 40കാരനായ കന്നയ്യലാല്‍ ഭീലിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഖ്യപ്രതിയുടെ വീട് തദ്ദേശ ഭരണകൂടം പൊളിച്ചുമാറ്റി. നീമച്ച് ജില്ലയിലെ ജെട്‌ലിയയില്‍ പട്ടാപകല്‍ നടന്ന ക്രൂരകൃത്യത്തിന് നേതൃത്വം നല്‍കിയ മഹേന്ദ്ര ഗുര്‍ജാര്‍ എന്നയാളുടെ വീടാണ് ജെസിബിയുടെ സഹായത്തോടെ ഭരണകൂടം വൃത്തങ്ങളെത്തി പൊളിച്ചത്.
വ്യാഴാഴ്ചയാണ് കന്നയ്യലാലിന്റെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. രാവിലെ പാലുമായി റോഡിലൂടെ പോകുകയായിരുന്ന ഗുര്‍ജാറിന്റെ മോട്ടോര്‍ സൈക്കിള്‍ കന്നയ്യലാലിന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പാല് റോഡില്‍ ചിന്തുകയും ചെയ്തു. ഇതോടെ ആദിവാസി യുവാവിന്റെ നേര്‍ക്കുതിരിഞ്ഞ ഗുര്‍ജാര്‍ ആളെക്കൂട്ടി. കന്നയ്യലാല്‍ മോഷ്ടാവാണെന്നു പറഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാലില്‍ കയറുകെട്ടി ചരക്കുലോറിയുടെ പിറകില്‍ ബന്ധിപ്പിച്ച് മീറ്ററുകളോളം നടുറോട്ടിലൂടെ വലിച്ചിഴച്ചു. തുടര്‍ന്ന് പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Just like lynch mobs, this too is similar mindset--that we'll do whatever we want, throwing lawbook out of the window
— Shams Ur Rehman Alavi شمس (@indscribe) August 29, 2021
He is among the accused who dragged a tribal man to death. He deserves harsh punishment but this system of exacting revenge on family is not justice #Lawlessness
ഗ്രാമത്തില്‍ ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് നീമച്ച് എഎസ്പി സുന്ദര്‍ സിങ് കനേഷ് പറഞ്ഞു. മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തരമായി ആശുപത്രിയിലെത്തിക്കണമെന്നും ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ വച്ച് കന്നയ്യലാല്‍ മരിക്കുകയും ചെയ്തു.
ഈ സമയത്താണ് യുവാവിനെ ലോറിക്കു പിന്നില്‍ കെട്ടിയിട്ട് റോട്ടിലൂടെ വലിച്ചിഴയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഗ്രാമമുഖ്യയുടെ ഭര്‍ത്താവടക്കം എട്ടുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.