നീറ്റ് പരീക്ഷാ ക്രമക്കേട്: സുപ്രിം കോടതി നടപടി ഉറ്റുനോക്കി രാജ്യം
ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തിയ യു.ജി.സി നെറ്റ് പരീക്ഷ ഇന്നലെ റദ്ദാക്കിയിരുന്നു
ന്യൂഡൽഹി: ക്രമക്കേട് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതോടെ നീറ്റിൽ സുപ്രീം കോടതി എടുക്കുന്ന നടപടിയാണ് രാജ്യം ഉറ്റുനോക്കുന്നത്. ദേശീയ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്‌ച നടത്തിയ പരീക്ഷയാണ് ഇന്നലെ റദ്ദാക്കിയത്. നെറ്റ് പരീക്ഷയിലെ ക്രമക്കെടിനേപ്പറ്റി സി.ബി.ഐ അന്വേഷിക്കും. എൻടിഎ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ സമരം ശക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത്. . ക്രമക്കേട് എന്താണെന്നോ ഏത് കേന്ദ്രത്തിലാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷയുടെ സുതാര്യതയും പവിത്രയും ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഒ.എം.ആർ രീതിയിൽ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. അധ്യാപക യോഗ്യതയും ഗവേഷണ ഫെല്ലോഷിപ്പിനും മാനദണ്ഡം യുജിസി നെറ്റ് പരീക്ഷയാണ്.
ബിഹാറിൽ നീറ്റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് റിപ്പോർട്ട് തേടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നീറ്റ് യുജി റദ്ദാക്കണമെന്ന ഹരജികൾ സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇടത് വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ ഹർജിയുൾപ്പെടെയാണ് പരിഗണിക്കുന്നത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എൻടിഎയുടെ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു ജെഎൻയുവിലെ തീവ്ര ഇടത് വിദ്യാർത്ഥി സംഘടനയായ ഐസ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തും.