മേഘാലയിലും നാഗാലാൻഡിലും പുതിയ സർക്കാർ ഇന്ന്; കോൺറാഡ് സാങ്മയും നെഫ്യു റിയോയും മുഖ്യമന്ത്രിമാർ
നരേന്ദ്ര മോദിയും അമിത് ഷായും രണ്ട് സംസ്ഥാനങ്ങളിലേയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും
ഷില്ലോങ്: മേഘാലയിലും നാഗാലാൻഡിലും പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്. കോൺറാഡ് സാങ്മയും നെഫ്യു റിയോയും മുഖ്യമന്ത്രിമാരായി അധികാരമേൽക്കും. മേഘാലയയിൽ പ്രദേശിക പാർട്ടികളെ ഭീഷണിപ്പെടുത്തിയാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ വിൻസെന്റ് എച്ച് പാല മീഡിയവണിനോട് പറഞ്ഞു.
പ്രതിപക്ഷത്ത് നിന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയെ അടക്കം സ്വന്തം പാളയത്തിൽ എത്തിച്ചാണ് കോൺറാഡ് സാങ്മ മേഘാലയ ജനാധിപത്യ സഖ്യം രൂപീകരിച്ചത്. 45 എം. എൽ.എമാർ സാങ്മയ്‌ക്കൊപ്പമുണ്ട്. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ 12 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എൻപിപിയിൽ നിന്ന് 8, യുഡിപിയിൽ നിന്ന് 2, ബി.ജെ.പി, എച്ച്.എസ്.പി.ഡി.പി പാർട്ടികളിൽ നിന്ന് ഓരോരുത്തരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചതെന്ന് മേഘാലയ കോൺഗ്രസ് അധ്യക്ഷൻ വിൻസെന്റ് എച്ച് പാല ആരോപിച്ചു.
നാഗാലാൻഡിൽ എൻ.ഡി.പി.പി യുടെ നെഫ്യു റിയോ അഞ്ചാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. സഖ്യകക്ഷിയായ ബി.ജെ.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും. 1.30 നാണ് നാഗാലാൻഡിൽ സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രണ്ട് സംസ്ഥാനങ്ങളിലേയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ത്രിപുരയിൽ മണിക സാഹ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.