ടെറസില്‍ നിന്ന് ചാടി വധു ഓടിപ്പോയി; ആദ്യരാത്രിയില്‍ പരാതിയുമായി വരന്‍ പൊലീസ് സ്റ്റേഷനില്‍

പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി യുവാവ് 90,000 രൂപ നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇരുവരുടേയും വിവാഹം നടക്കുന്നത്

Update: 2021-08-01 05:46 GMT
Advertising

മധ്യപ്രദേശിലെ ഘോര്‍മിയില്‍ വിവാഹദിവസം രാത്രി വധു ടെറസില്‍ നിന്നും ചാടി രക്ഷപെട്ടു. പരാതിയുമായി വരന്‍ പൊലീസ് സ്റ്റേഷനിലെത്തുമ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി യുവാവ് 90,000 രൂപ നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇരുവരുടേയും വിവാഹം നടക്കുന്നത്. തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ആദ്യ രാത്രി വധു വീടിന്‍റെ ടെറസില്‍ നിന്ന് പുറത്തേക്ക് ചാടി ഓടിപ്പോകുകയായിരുന്നു. തട്ടിപ്പിന് ഇരയായതോടെ വരൻ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. 

വരന്‍റെ പരാതിയില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. പൊലീസ് പറയുന്നതിങ്ങനെ. തട്ടിപ്പിരയായ സോനു ജെയിന്‍ വിവാഹം കഴിക്കാന്‍ അനുയോജ്യരായ ആലോചനകള്‍ക്ക് ശ്രമിക്കുകയും ഒന്നും നടക്കാതെ വരികയും ചെയ്തു. കല്യാണമൊന്നും നടക്കാതെ വന്നതോടെ നിരാശയിലായ സോനു ജെയിനിനെ ഗ്വാളിയർ നിവാസിയായ ഉദൽ ഖതിക് പരിചയപ്പെടുന്നു. സോനുവിന്‍റെ കല്യാണം നടത്താന്‍ ഉദൽ ഖതിക് സഹായിക്കാമെന്ന് വാക്കുപറഞ്ഞു. അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിത്തരാമെന്നും പക്ഷേ അതിനുപകരമായി ഒരു ലക്ഷം രൂപ നൽകണമെന്നും ഉദൽ ഖതിക് പറയുന്നു. തുടര്‍ന്ന് 90,000 രൂപയ്ക്ക് ഇടപാട് ഉറപ്പിച്ച ശേഷം ഉദൽ ഖതിക് അനിത രത്‌നാകർ എന്ന യുവതിയുമായി സോനു ജെയിനിനടുക്കല്‍ എത്തുകയും വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു.  തുടർന്ന് എല്ലാ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ സോനു ജെയിൻ അനിതയെ വിവാഹം കഴിച്ചു.

പിന്നീട് വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് ഇരുവരുമെത്തി, ഇതിനകം രാത്രി വൈകിയിരുന്നതിനാൽ എല്ലാവരും സ്വന്തം മുറികളിലേക്ക് ഉറങ്ങാൻ പോയി. ശേഷം വരന്‍റെ ഒപ്പം മുറിയിലേക്ക് കയറിയ അനിത സുഖമില്ലെന്ന വ്യാജേന ടെറസിലേക്ക് പോയി. ടെറസിലേക്ക് പോയ അനിതയെ കാണാതായതോടെ എല്ലാവരും തെരച്ചില്‍ ആരംഭിച്ചു. നവവവധുവിനെ കണ്ടെത്താനാകാത്തതിനെതുടർന്ന് വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അനിതയെ കണ്ടെത്തുകയായിരുന്നു.

ടെറസ് വഴി വീട്ടില്‍ നിന്നും ചാടിപ്പോയ അനിത പൊലീസിന്‍റെ രാത്രി പട്രോളിങ്ങിനിടെയാണ് പിടിയിലാകുന്നത്. വധുവിനെ കണ്ടെത്തിയ ശേഷം സോനു പൊലീസ് സ്റ്റേഷനിൽ എത്തി വഞ്ചിക്കപ്പെട്ടതായി പരാതി നൽകി. തുടര്‍ന്ന് പിടിയിലായ എല്ലാ പ്രതികൾക്കുമെതിരെ പൊലീസ് വഞ്ചനകുറ്റം രജിസ്റ്റർ ചെയ്ത് കേസെടുത്തു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News