യു.എ.പി.എ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിന്റെ ഹരജിയിൽ ഡൽഹി പൊലീസിന് സുപ്രിംകോടതി നോട്ടീസ്
ന്യൂസ് ക്ലിക്ക് എഡിറ്ററും എച്ച്.ആർ മാനേജരുമാണ് കോടതിയെ സമീപിച്ചത്. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
Update: 2023-10-19 09:12 GMT
ന്യൂഡൽഹി: യു.എ.പി.എ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിന്റെ ഹരജിയിൽ ഡൽഹി പൊലീസിന് സുപ്രിംകോടതി നോട്ടീസ്. മൂന്നാഴ്ചക്കകം മറുപടി നൽകണമെന്നാണ് കോടതി നിർദേശം. ന്യൂസ് ക്ലിക്ക് എഡിറ്ററും എച്ച്.ആർ മാനേജരുമാണ് കോടതിയെ സമീപിച്ചത്. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബി.ആർ ഗവായിയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ന്യൂസ് ക്ലിക്കിന്റെ ഹരജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ന്യൂസ് ക്ലിക്കിനുവേണ്ടി ഹാജരായത്. 71 വയസ് കഴിഞ്ഞ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുരകായസ്ത ജയിലിലാണെന്നും അടിയന്തരമായി കേസ് പരിഗണിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.