'അടുത്തത് ഉപമുഖ്യമന്ത്രിയെ, ഞങ്ങളെ ഒരുമിച്ച് ജയിലിലടക്കൂ'; മോദിയോട് അഭ്യർത്ഥനയുമായി കെജ്‌രിവാൾ

രാജ്യത്ത് അഴിമതി രഹിതവും ദേശസ്നേഹമുള്ളതുമായ ഗവൺമെന്റാണ് തന്റേതെന്ന് കെജ്‌രിവാൾ

Update: 2022-06-02 10:52 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയാണ് അടുത്തതായി അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തന്റെ സഹപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. മനീഷ് സിസോദിയയെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി തനിക്ക് വിവരം ലഭിച്ചുവെന്നും ഡൽഹി മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

തന്റെ സഹപ്രവർത്തകരെ എല്ലാവരെയും ഒരുമിച്ച് ജയിലിൽ അടയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയാണെന്നും സിസോദിയയ്‌ക്കെതിരെ വ്യാജ കേസുകളെടുക്കാൻ കേന്ദ്രം എല്ലാ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. 'ഞങ്ങളെയെല്ലാം ഒറ്റയടിക്ക് അറസ്റ്റ് ചെയ്യൂ, റെയ്ഡ് ചെയ്യൂ. എന്നിട്ട് നമുക്ക് ജോലിയിൽ പ്രവേശിക്കാം. കാരണം ഞങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രീയം മനസ്സിലാകുന്നില്ല. ഞങ്ങൾക്ക് ജോലി ചെയ്യണമെന്നേയുള്ളൂ.' കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ തന്നോട് പറഞ്ഞതായി പഞ്ചാബ് തെരഞ്ഞെടുപ്പിന് മുമ്പ് കെജ്രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സത്യേന്ദ്ര ജെയിനിനെയും സിസോദിയയെയും ജയിലിലേക്ക് അയച്ചതിന് പിന്നിലെ രാഷ്ട്രീയം തനിക്ക് അറിയില്ലായെന്ന് കെജ്രിവാൾ വ്യക്തമാക്കി. സത്യേന്ദർ ജെയിൻ മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കാനും വാക്‌സിനുകൾ എടുക്കാനും സഹായിച്ചു, എന്നാൽ ഇപ്പോൾ അവരെ അഴിമതിക്കാരെന്നാണ് വിളിക്കുന്നത്. സത്യേന്ദർ ജെയിനിനും സിസോദിയയ്ക്കും അഴിമതി നടത്താൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

രണ്ട് മന്ത്രിമാരെയും കള്ളക്കേസിൽ കുടുക്കാനും അവരെ മനഃപ്പൂർവം അപകീർത്തിപ്പെടുത്താനുമുള്ള ഗൂഢശ്രമം നടക്കുന്നുണ്ടെന്നും അതിന് അനുവദിക്കില്ലെന്നും കെജ് രിവാൾവ്യക്തമാക്കി. 20 ൽ അധികം എ.എ.പി എം.എൽ.എമാർക്കെതിരെയും കേസ് നിൽക്കുന്നുണ്ടെന്ന് കെജ്‌രിവാൾ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. തങ്ങൾ അന്വേഷണത്തിൽ കുടുങ്ങിയാൽ എങ്ങനെയാണ് ജോലി ചെയ്തു തീർക്കുകയെന്നും അദ്ദേഹം ചോദിച്ചു. ജയിലിനെ പേടിയില്ല, ഇത്തവണയും ഡൽഹിയിലെ ജനങ്ങൾ കൂടെയുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. ജനങ്ങൾ തങ്ങൾക്ക് സത്യസന്ധരാണെന്ന സർട്ടിഫിക്കറ്റ് നൽകും. രാജ്യത്ത് അഴിമതി രഹിതവും ദേശസ്നേഹമുള്ളതുമായ ഗവൺമെന്റാണ് തന്റേതെന്നും കെജ്രിവാൾ വിശദമാക്കി.

കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിച്ച ശേഷമായിരുന്നു അറസ്റ്റ്. കൊൽക്കാത്തയിലെ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിലാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഭൂമി വാങ്ങി കൂട്ടാനും വായ്പ തിരിച്ചടക്കാനും മന്ത്രി ഹവാല പണം ഉപയോഗിച്ചെന്നാണ് ഇ.ഡിയുടെ വിശദീകരണം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News