സർക്കാർ രൂപീകരണ ചർച്ച: ഡൽഹിയിലേക്ക് ഒരേ വിമാനത്തിൽ പറന്ന് നിതീഷും തേജസ്വി യാദവും

സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് തേജസ്വി യാദവ്

Update: 2024-06-05 07:54 GMT
Advertising

പട്ന: സഖ്യചർച്ചകൾക്കായി ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഡൽഹിയിലേക്ക് തിരിച്ചു. ഇരുവരും ബിഹാറിൽനിന്ന് ഒരേ വിമാനത്തിലാണ് പോകുന്നത്. നിതീഷ് ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന എൻ.ഡി.എ യോഗത്തിലും തേജസ്വി യാദവ് വൈകീട്ട് ആറിന് നടക്കുന്ന ഇൻഡ്യാ സഖ്യത്തിന്റെ യോഗത്തിലും പ​ങ്കെടുക്കും. ലോക് ജനശക്തി പാർട്ടി പ്രസിഡന്റ്‌ ചിരാഗ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു നിതീഷ് ഡൽഹിക്ക് പുറപ്പെട്ടത്

ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് തേജസ്വി യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങളുടെ പ്രകടനം വളരെ മികച്ചതായിരുന്നു. പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു തങ്ങളുടെ പോരാട്ടം. അയോധ്യയിൽ ഇൻഡ്യാ സഖ്യത്തെ രാമൻ അനുഗ്രഹിച്ചു. അതിനാൽ തന്നെ മോദി ​പ്രഭാവം അസ്തമിച്ചു എന്നത് വ്യക്തമാണ്. ഭൂരിപക്ഷത്തിൽനിന്ന് ഏറെ അകലെയാണ് ബി.ജെ.പി. അവർ ഇപ്പോൾ സഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഭരണഘടന സംരക്ഷിക്കുന്നതിൽ വിജയിച്ചു എന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു. 

240 സീറ്റിലാണ് ബി.ജെ.പി ജയിച്ചിട്ടുള്ളത്. തനിച്ച് ഭരിക്കാൻ 272 സീറ്റ് വേണം. നിലവിൽ എൻ.ഡി.എക്ക് 294 സീറ്റുകളുണ്ട്. ആന്ധ്ര പ്രദേശിലെ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ആർക്കൊപ്പം നിൽക്കുമെന്നുള്ളത് സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാതലത്തിൽ സർക്കാർ രൂപീകരണം വേഗത്തിലാക്കാനാണ് ബി.ജെ.പി ലക്ഷ്യം.

എന്നാൽ, എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യു, ടി.ഡി.പി എന്നിവരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാണ് കോൺഗ്രസിന്റെയും ഇൻഡ്യാ സഖ്യത്തിന്റെയും ശ്രമം. നിലവിലെ സാഹചര്യത്തിൽ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാൽ ഇൻഡ്യാ മുന്നണിക്ക് 28 സീറ്റ് അധികം ലഭിക്കും. അതേസമയം ചന്ദ്രബാബു നായിഡുവുമായും ഇൻഡ്യാ നേതാക്കൾ ആശയവിനിമയം നടത്തിയെങ്കിലും നരേന്ദ്രമോദിയും ബി.ജെ.പിയും അഭിനന്ദിച്ച ചന്ദ്രബാബു നായിഡു എൻ.ഡി.എയിൽ തന്നെ തുടരുമെന്നാണ് സൂചന.

അതേസമയം നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രിപദം ഇൻഡ്യാ സഖ്യം വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇൻഡ്യാ മുന്നണിയുടെ കൺവീനർ സ്ഥാനമെങ്കിലും നൽകി കൂടെക്കൂട്ടാനാണ് ശ്രമം. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 43 സീറ്റ് മാത്രം നേടിയിട്ടും ബിഹാറിലെ മുഖ്യമന്ത്രി പദം കൈക്കലാക്കിയ നിതീഷിന്റെ തന്ത്രങ്ങൾ ബി.ജെ.പി ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News