നിതീഷ് കുമാറിന് എപ്പോൾ വേണമെങ്കിലും എൻ.ഡി.എയിലേക്ക് തിരിച്ചുവരാമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ
2022 ആഗസ്റ്റിലാണ് നിതീഷ് കുമാർ ബി.ജെ.പി സഖ്യം വിട്ടത്.
മുംബൈ: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി (യു) നേതാവുമായ നിതീഷ് കുമാറിന് എപ്പോൾ വേണമെങ്കിലും എൻ.ഡി.എ മുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ. നിതീഷ് കുമാർ നേരത്തെ എൻ.ഡി.എ മുന്നണിയുടെ ഭാഗമായിരുന്നുവെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചിട്ടും നിതീഷ് കുമാറിനെയാണ് മുഖ്യമന്ത്രിയാക്കിയതെന്നും അത്തവാലെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നത് മാത്രമാണ് പ്രതിപക്ഷ സഖ്യത്തിന്റെ ആകെയുള്ള ലക്ഷ്യമെന്നും മന്ത്രി പരിഹസിച്ചു.
2022 ആഗസ്റ്റിലാണ് നിതീഷ് കുമാർ ബി.ജെ.പി സഖ്യം വിട്ടത്. തുടർന്ന് ആർ.ജെ.ഡിയുമായി കൈകോർത്ത് ബിഹാറിൽ സർക്കാർ രൂപീകരിച്ച നിതീഷ് നിലവിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ്.
എന്നാൽ ഇൻഡ്യ സഖ്യവുമായി നിതീഷ് കുമാറിന് പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടെന്ന് അത്തവാലെ പറഞ്ഞു. സഖ്യത്തിന്റെ പേരിലും പ്രധാനമന്ത്രി സ്ഥാനാർഥി ആരാവണമെന്നത് സംബന്ധിച്ചും നിതീഷിന് ഭിന്നാഭിപ്രായമുണ്ട്. പ്രതിപക്ഷ സഖ്യത്തിൽ അദ്ദേഹത്തിന് തൃപ്തിയില്ലെങ്കിൽ മുംബൈയിൽ നടക്കുന്ന അടുത്ത യോഗത്തിൽ പങ്കെടുക്കരുതെന്നും അദ്ദേഹം എൻ.ഡി.എയിലേക്ക് വരണമെന്നും അത്തവാലെ പറഞ്ഞു.
പ്രതിപക്ഷത്തെ 26 പാർട്ടികളുടെ കൂട്ടായ്മയാണ് ഇൻഡ്യ മുന്നണി. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് എന്നാണ് 'ഇൻഡ്യ'യുടെ പൂർണരൂപം.