ആരുമായും സഖ്യമില്ല; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ പാർട്ടി അഞ്ച് ശതമാനം കൂടുതൽ വോട്ട് നേടിയതായും അമിത് ഷാ അവകാശപ്പെട്ടു.

Update: 2024-06-30 07:57 GMT
Advertising

ചണ്ഡീ​ഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബി.ജെ.പി തീരുമാനം. ആരുമായും സഖ്യമില്ലെന്നും പാർട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി നയാബ് സിങ് സൈനി തന്നെ പർട്ടിയെ നയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. പഞ്ച്കുലയിൽ നടന്ന പാർട്ടിയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോ​ഗത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പി തുടർച്ചയായ മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ പാർട്ടി അഞ്ച് ശതമാനം കൂടുതൽ വോട്ട് നേടിയതായും അമിത് ഷാ അവകാശപ്പെട്ടു.

'ഹരിയാനയെ സംബന്ധിച്ചിടത്തോളം, ചെറിയ വ്യത്യാസത്തിൽ കുറച്ച് സീറ്റ് നഷ്ടപ്പെട്ടെങ്കിലും പാർട്ടി വോട്ട് വിഹിതം 2014നെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധിച്ചു. ഇത്തവണയും ബി.ജെ.പി ആരുമായും സഖ്യത്തിനില്ല. ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും. ഹരിയാനയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിക്കുകയാണ് ലക്ഷ്യം'- അമിത് ഷാ പറഞ്ഞു.

'കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഹരിയാനയെ ഞങ്ങൾ മാറ്റിമറിച്ചു. സംസ്ഥാനത്താകമാനം പ്രവർത്തിച്ചത് ബി.ജെ.പി മാത്രമാണ്. ബി.ജെ.പി സർക്കാരിൻ്റെ കാലത്ത് ഒരു ഗുണ്ടയും ഉണ്ടായിരുന്നുവെന്ന് ആർക്കും പറയാനാവില്ല. ഹരിയാനയിൽ ഞങ്ങൾ ക്രമസമാധാനം പരിഷ്കരിച്ചു. ജോലികൾ സുതാര്യമായി നൽകി. അഴിമതിരഹിത ഭരണത്തിൻ്റെ മാതൃകയായി'- അമിത് ഷാ അവകാശപ്പെട്ടു.

2014ലാണ് ഹരിയാനയിൽ ബി.ജെ.പി ആദ്യമായി അധികാരത്തിലേറുന്നത്. പിന്നീട് 2019ൽ കേവലഭൂരിപക്ഷം നഷ്ടമായതോടെ ജെ.ജെ.പിയുമായി സഖ്യം ചേർന്ന് ഭരിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ ജെ.ജെ.പി സഖ്യം ഉപേക്ഷിച്ചതോടെ സർക്കാർ താഴെ വീണെങ്കിലും പിന്നീട് അവിശ്വാസപ്രമേയം നേരിട്ട ബി.ജെ.പി, സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തുടരുകയുമാണ്.

എന്നാൽ മനോഹർലാൽ ഖട്ടാറിനെ മാറ്റി നയാബ് സിങ് സൈനിയെ ബിജെപി മുഖ്യമന്ത്രിയാക്കി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ബിജെപി കനത്ത തിരിച്ചടി നേരിട്ടിരുന്നു. പത്ത് സീറ്റുകളിൽ അഞ്ചെണ്ണം മാത്രമാണ് പാർട്ടിക്ക് നേടാനായത്. മറ്റ് അഞ്ച് സീറ്റുകളിൽ കോൺഗ്രസാണ് വിജയിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News