സംസ്കാര ചടങ്ങുകള്‍ക്ക് പണമില്ല; പങ്കാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

മൂന്ന് ദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് മൃതദേഹം ഉപേക്ഷിച്ചത്

Update: 2024-05-29 05:29 GMT
Editor : Lissy P | By : Web Desk
Advertising

ഇൻഡോർ: സംസ്‌കാര ചടങ്ങുകൾ നടത്താൻ പണമില്ലാത്തതിനാൽ പങ്കാളിയുടെ മൃതദേഹം ചാക്കിൽക്കെട്ടി റോഡരികിൽ ഉപേക്ഷിച്ചു. ഇൻഡോറിലെ ചന്ദൻനഗറിലെ കോളനിയിലാണ് ഞായറാഴ്ച രാവിലെ 57 കാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സ്ത്രീയുടേത് സ്വാഭാവിക മരണമായിരുന്നുവെന്നും രോഗിയായി കിടപ്പിലായിരുന്നതായും പൊലീസ് അറിയിച്ചു. ഫോറൻസിക് പരിശോധനയിലും പോസ്റ്റ്‌മോർട്ടത്തിലും ഇത് വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിൽ മരിച്ച സ്ത്രീയുടെ പങ്കാളിയാണ് മൃതദേഹം റോഡരികിൽ തള്ളിയതെന്ന് വ്യക്തമായി. ഇയാളെ പിന്നീട് കണ്ടെത്തുകയും ചെയ്തു. സംസ്‌കാര ചടങ്ങുകൾക്ക് പണമില്ലാത്തതിനാൽ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ചിരുന്നതായി ഇയാൾ വെളിപ്പെടുത്തി.

ഇയാളുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ചന്ദൻ നഗർ പ്രദേശത്തെ ഒരു വീടിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് എസിപി അന്നപൂർണ നന്ദിനി ശർമ്മ പറഞ്ഞു. കൊലപാതകമെന്ന സംശയത്തിൽ അന്വേഷണത്തിന് നാല് പൊലീസ് സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള യുവതി താമസിക്കുന്ന കോളനിയിലും ഇവർ എത്തി. അന്വേഷണ സംഘം നാട്ടുകാരുമായി സംസാരിക്കുകയും സിസിടിവികൾ പരിശോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച് നാട്ടുകാർ പറഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്   ബർവാനി സ്വദേശിയായ മദൻ നർഗാവെ തന്റെ പങ്കാളിയായ ആശയ്ക്കൊപ്പം വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി വിവരം ലഭിച്ചത്. വീട്ടുടമസ്ഥനിൽ നിന്ന് മദൻ നർഗവെയുടെ മൊബൈൽ ഫോൺ നമ്പർ ശേഖരിച്ച് ഇയാളെ കണ്ടെത്തിയതായും എസിപി പറഞ്ഞു.

കഴിഞ്ഞ കുറേ വർഷങ്ങളായി ആശക്കൊപ്പമാണ് താമസിക്കുന്നതെന്ന് ഇയാൾ പറഞ്ഞു. എന്നാൽ ഇരുവരും വീട്ടുകാരുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. ആശക്ക് നിരവധി അസുഖങ്ങളുണ്ടായിരുന്നു.എന്നാൽ ചികിത്സിക്കാൻ പോലുമുള്ള പണം ഇയാളുടെ കൈയിലില്ലായിരുന്നു. മൂന്ന് ദിവസം മുമ്പ് ആശ മരിച്ചു. എന്താണ് ചെയ്യേണ്ടതെന്നോ ആരെയാണ് ബന്ധപ്പെടേണ്ടതെന്നോ അറിയാത്തതിനാൽ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. ദുർഗന്ധത്തെക്കുറിച്ച് അയൽവാസികൾ പരാതി പറഞ്ഞതിനാൽ ചാക്കിൽകെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. ദൂരെ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്.എന്നാൽ അത്രയും ദൂരം ചാക്ക് വലിച്ചുകൊണ്ടുപോകാൻ കഴിയാത്തതിനാലാണ് മൃതദേഹം വീട്ടിൽ നിന്ന് 200 മീറ്റർ അകലെ ഉപക്ഷേിച്ചതെന്നും മദൻ നർഗാവെ പൊലീസിനോട് പറഞ്ഞു.  മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആശയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News