എംഎല്‍എമാര്‍ക്കുള്ള സമ്മാനങ്ങളും ഫൈവ്സ്റ്റാര്‍ ഭക്ഷണവും അവസാനിപ്പിച്ച് സ്റ്റാലിന്‍

ധൂര്‍ത്ത് അവസാനിപ്പിക്കാനാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ തീരുമാനം.

Update: 2021-08-17 05:00 GMT
Advertising

തമിഴ്നാട്ടിലെ എംഎല്‍എമാര്‍ക്ക് ബജറ്റ് സമ്മേളന കാലത്ത് ഇനി സമ്മാനപ്പൊതികള്‍ കിട്ടില്ല. സഭാ സമ്മേളന കാലത്ത് നല്‍കിരുന്ന വിഭവ സമൃദ്ധമായ ഭക്ഷണവും നിര്‍ത്താന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സഭ ചേരുമ്പോള്‍ എംഎല്‍എമാര്‍ ഭക്ഷണം സ്വന്തം നിലയില്‍ ഏര്‍പ്പാടാക്കുകയോ നിയമസഭാ പാന്‍ട്രിയില്‍ പോയി കഴിക്കുകയോ ചെയ്യണം. വിവിധ വകുപ്പ് മേധാവികള്‍ക്കും മന്ത്രിമാരുടെ ഓഫീസുകള്‍ക്കും മുഖ്യമന്ത്രി സ്റ്റാലിന്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

പതിറ്റാണ്ടുകളായി ബജറ്റ് സമ്മേളന കാലത്ത് ഓരോ വകുപ്പുകളാണ് എംഎല്‍എമാര്‍ക്ക്  ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. എംഎല്‍എമാര്‍ക്കും അവരുടെ ജീവനക്കാര്‍ക്കും പൊലീസിനും നിയമസഭ-സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കുമെല്ലാം ഭക്ഷണം നല്‍കിയിരുന്നു. പ്രതിദിനം 1000 പേര്‍ക്കാണ് ഭക്ഷണം നല്‍കിയിരുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണമാണ് വിളമ്പിയിരുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപ ഇതിനായി പ്രതിദിനം വകുപ്പുകള്‍ ചെലവിട്ടിരുന്നു.

വിലകൂടിയ സ്യൂട്ട്കേസുകൾ, ട്രോളി ബാഗുകൾ, വാച്ചുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, കരകൗശല വസ്തുക്കൾ, അലങ്കാര മത്സ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, വന ഉൽപന്നങ്ങൾ തുടങ്ങി കൈനിറയെ സമ്മാനങ്ങളുമായാണ് എംഎല്‍എമാര്‍ ബജറ്റ് സമ്മേളനം കഴിഞ്ഞ് തിരിച്ചുപോകാറുണ്ടായിരുന്നത്. എഐഎഡിഎംകെ ഭരണകാലത്ത് ധൂര്‍ത്ത് വര്‍ധിച്ചു. വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നത് വിവിധ വകുപ്പുകള്‍ അഭിമാനപ്രശ്നമായി എടുത്തു. ഈ ധൂര്‍ത്ത് അവസാനിപ്പിക്കാനാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ ഉറച്ച തീരുമാനം.

നിയമനിർമാണത്തിനും ഉയര്‍ന്ന നിലവാരമുള്ള സംവാദത്തിനുമുള്ള വേദിയാണ് നിയമസഭ. അവിടെ ലാളിത്യമാണ് വേണ്ടത്. സമ്മാനപ്പൊതികളും ആഡംബര സദ്യയും മറ്റും സഭയുടെ അന്തസ്സ് കുറയ്ക്കുന്നു എന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News