ഇന്ത്യയിൽ നിലവിൽ ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ
ബൂസ്റ്റർ ഡോസിനേക്കാൾ മുൻഗണന നൽകേണ്ടത് രണ്ട് ഡോസുകൾ നൽകുന്നതിനാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ
നിലവിൽ ഇന്ത്യയിൽ കോവിഡ് ബൂസ്റ്റർ വാക്സിനേഷൻ്റെ ആവശ്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ. എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകുന്നതിലാണ് പരിഗണന വേണ്ടതെന്നും രാജ്യത്തെ ആരോഗ്യ വിദഗ്ധർ പറയുന്നു. രാജ്യത്ത് പതിനഞ്ച് ശതമാനത്തിൽ താഴെപ്പേർക്ക് മാത്രമേ രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളൂ. ഇനിയും ഒരുപാട് പേർക്കു രോഗം പിടിപ്പെടാൻ സാധ്യതയുണ്ട്. ഇവർക്കൊന്നും ഇപ്പോഴും വാക്സിൻ കിട്ടിയിട്ടില്ലെന്നും ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ശാസ്ത്രജ്ഞൻ സത്യജിത് രഥ് പറഞ്ഞു. കുറച്ചുപേർക്കു മാത്രമായി മൂന്നാമത്തെ ഡോസ് വാക്സിൻ നൽകുന്നത് ധാർമ്മികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രായപൂർത്തിയായവരിൽ 40 ശതമാനം പേർക്ക് ആദ്യഡോസ് ലഭിച്ചിട്ടില്ലെന്നും ഈ ഘട്ടത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കേണ്ടതില്ലെന്നും പൂന്നെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ശാസ്ത്രജ്ഞ വിനീത ബാൽ പറഞ്ഞു.
കൂടാതെ ബൂസ്റ്റർ ഡോസിനേക്കാൾ മുൻഗണന നൽകേണ്ടത് രണ്ട് ഡോസുകൾ നൽകുന്നതിനാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ നേരത്തെ പറഞ്ഞിരുന്നു.