യുപിയില്‍ ഇന്ന്'നോ നോണ്‍ വെജ് ഡേ'; ഇറച്ചിക്കടകള്‍ അടച്ചിടാന്‍ ഉത്തരവ്
ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപന എന്നിവ യുപിയില്‍ നിരോധിച്ചിരുന്നു
ലഖ്നൗ: വിദ്യാഭ്യാസ വിചക്ഷണനായ സാധു ടി എൽ വസ്വാനിയുടെ ജന്‍വാര്‍ഷികത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ ഇന്ന് 'നോ നോണ്‍ വെജ് ഡേ' ആയി ആചരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഇറച്ചിക്കടകളും അടച്ചിടാന്‍ യോഗി സര്‍ക്കാര്‍ ഉത്തരവിട്ടു.
മിറാ മൂവ്മെന്‍റ് ഇന്‍ എഡ്യുക്കേഷന്‍റെ സ്ഥാപകനായ സാധു സെന്‍റ് മീരാസ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.അധ്യാപനത്തിനായി ഉഴിഞ്ഞുവച്ച അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സ്ഥാപിച്ചതാണ് പൂനെയിലെ ദര്‍ശന്‍ മ്യൂസിയം. സാധുവിന്‍റെ ജന്‍മദിനമായ നവംബര്‍ 25 രാജ്യാന്തര മാംസരഹിതദിനമായിട്ടാണ് ആചരിക്കുന്നത്.
ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദനം, സംഭരണം, വിതരണം, വിൽപന എന്നിവ യുപിയില്‍ നിരോധിച്ചിരുന്നു. ഗുണനിലവാരം സംബന്ധിച്ച് സംശമുണ്ടാക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്. ഹലാൽ വസ്തുക്കൾ നിർമിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനും നിരോധനം ബാധകമാണ്. കയറ്റുമതിക്കുള്ളവയ്‌ക്ക് മാത്രം ഇളവുണ്ട്. ഉത്തർപ്രദേശിൽ റീട്ടെയിൽ ഉൽപന്നങ്ങൾക്ക് ഹലാൽ സാക്ഷ്യപത്രം നൽകിയതിന് ഒരു കമ്പനിക്കും മൂന്നുസംഘടനകൾക്കുമെതിരെ കേസെടുത്തതിന് പിന്നാലെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
ഒരു പ്രത്യേക വിഭാഗത്തിനായി ചില കമ്പനികൾ ഹലാൽ സാക്ഷ്യപത്രം നൽകുന്നുവെന്നാണ് ആരോപണം. ഹലാൽ സാക്ഷ്യപത്രം നൽകുന്ന സംവിധാനം സമാന്തരമായി പ്രവർത്തിക്കുന്നതാണ്. വസ്‌തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്.