നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആംആദ്മിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാകാൻ സാധ്യതയില്ല: ജയറാം രമേശ്
മഹാരാഷ്ട്ര, ഝാർഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യാ സഖ്യമായിരിക്കും മത്സരിക്കുക എന്ന് കോൺഗ്രസ് നേതാവ്
Update: 2024-07-04 10:59 GMT
ന്യൂഡൽഹി: ഡൽഹി,ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാകാൻ സാധ്യതയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. എന്നാൽ മഹാരാഷ്ട്ര, ഝാർഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യാ സഖ്യമായിരിക്കും മത്സരിക്കുക എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഇൻഡ്യാ ബ്ലോക്ക് പിന്തുടരുന്ന ഒരു ഫോർമുലയും നിലവിലില്ല. കോൺഗ്രസ് നേതാക്കളും മറ്റ് സഖ്യകക്ഷികളും തമ്മിൽ ഒരു ധാരണ രൂപപ്പെടുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒരുമിച്ച് പോരാടും.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യം ഉണ്ടാകില്ലെന്ന് എഎപി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഝാർഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഈ വർഷം അവസാനവും ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷമാദ്യവും നടക്കാനിരിക്കുകയാണ്.