ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഒറ്റപ്പെട്ട മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
ഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം.ഗുജറാത്തിലും മഹാരാഷ്‌ട്രയിലും പ്രളയ മുന്നറിയിപ്പ് നൽകി .ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഒറ്റപ്പെട്ട മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.യമുന നദിയിൽ ജല നിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച മുതൽ മഴ കനക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് . മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരാഖഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത നാശനാഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.ഉത്തരകാശിയിലുള്ള പുരോല, ബാർകോട്ട്, ദുണ്ട എന്നിവിടങ്ങളിൽ 50 കെട്ടിടങ്ങൾ തകർന്നു. നിരവധി റോഡുകൾ അടച്ചു.
അതേസമയം ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന നിർദേശം നൽകി.കനത്ത മഴയെ തുടർന്ന് ഗുജറാത്തിൽ പ്രളയ സമാന സാഹചര്യമാണ്. താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.ഗുജറാത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥിതിഗതികൾ വിലയിരുത്തി മാർഗനിർദേശങ്ങൾ നൽകി. ഉയർന്ന മേഖലയിലുള്ള യാത്ര പരമാവധി ഒഴിവാക്കാനും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.