തെരഞ്ഞെടുപ്പിന് ശേഷം യോഗം പോലുമില്ല, കോൺഗ്രസിനെ കുറ്റപ്പെടുത്തി ഉദ്ധവ്, ശരദ് പവാർ വിഭാഗങ്ങൾ; എംവിഎയിൽ പ്രതിസന്ധി

തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അവലോകനം നടത്താൻ പോലും ഇതുവരെയും മഹാവികാസ് അഘാഡിക്കായിട്ടില്ല

Update: 2025-01-11 04:39 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതിപക്ഷമായ മഹാവികാസ് അഘാഡിയിലെ(എംവിഎ) വിള്ളൽ വലുതാകുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അവലോകനം നടത്താൻ പോലും ഇതുവരെയും മഹാവികാസ് അഘാഡിക്കായിട്ടില്ല. നേതാക്കൾ തമ്മിൽ പരസ്പരം കുറ്റപ്പെടുത്തി രംഗം വഷളാക്കുന്നുമുണ്ട്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയാണ് ശിവസേന ഉദ്ധവ് വിഭാഗവും ശരദ് പവാര്‍ വിഭാഗവും രംഗത്ത് എത്തുന്നത്. 

എന്നാല്‍, തെരഞ്ഞെടുപ്പിൽ എംവിഎയുടെ പരാജയത്തിന് നിരവധി കാരണങ്ങളുണ്ടെന്ന് പറയുകയാണ് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് എംഎൽഎയുമായ വിജയ് വഡേത്തിവാർ. സീറ്റ് വിഭജനം വൈകിയതാണ് ഒരു കാരണമായി വിജയ് വഡേത്തിവാർ പറയുന്നത്. 'ഏകദേശം 20ഓളം ദിവസമെടുത്താണ് പ്രശ്നങ്ങള്‍ പരിഹരിക്കാനായത്, അത് മൂലം പ്രചാരണത്തിന് വേണ്ടത്ര സമയം ലഭിച്ചില്ല. നാനാ പടോളയും സഞ്ജയ് റാവത്തുമടക്കമുള്ള നേതാക്കള്‍ അവിടെയുണ്ടായിരുന്നിട്ടും തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും'- വഡേത്തിവാർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ഇതിനെ നേരിട്ടത്. സീറ്റ് വിഭജന ചർച്ചയ്ക്കിടെ കോൺഗ്രസ് സംസ്ഥാന ഘടകം ശക്തമായ വിലപേശൽ നടത്തിയപ്പോൾ കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. “ നിരവധി നിയമസഭാ സീറ്റുകളില്‍ ശരദ് പവാറിന്റെ പാര്‍ട്ടിക്കും ഞങ്ങള്‍ക്കും മികച്ച സ്ഥാനാര്‍ഥികളുണ്ടായിരുന്നു. എന്നാല്‍ അവിടങ്ങളിലൊക്കെ കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചു. 'ഇന്‍ഡ്യ' ബ്ലോക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതാണെന്നും ഇപ്പോൾ നിലവിലില്ലെന്നും സഖ്യകക്ഷികൾ കരുതുന്നുവെങ്കിൽ, കോൺഗ്രസിനെ കുറ്റപ്പെടുത്തണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. 

'ചര്‍ച്ചകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളൊരുമിച്ച് പോരാടിയിരുന്നു. അതിന് മികച്ച ഫലം ലഭിക്കുകയും ചെയ്തു. ഭാവി പരിപാടികളും മറ്റും ആസൂത്രണം ചെയ്യാൻ ഒരു യോഗം ഉണ്ടാകേണ്ടതായിരുന്നു. ഇക്കാര്യത്തിൽ മുൻകയ്യെടുക്കേണ്ടത് കോൺഗ്രസിൻ്റെ ഉത്തരവാദിത്തമായിരുന്നുവെന്നും'- സഞ്ജയ് റാവത്ത് വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് നേതാക്കളെ  കുറ്റപ്പെടുത്തിയാണ്, ശരദ് പവാര്‍ എന്‍സിപി വിഭാഗവും രംഗത്ത് എത്തിയത്.  മുതിർന്ന നേതാക്കൾ പരസ്യമായി പ്രതികരിക്കുന്നതിന് മുമ്പ് കാര്യങ്ങൾ ചർച്ച ചെയ്യണമെന്നാണ് ശരദ് പവാര്‍ വിഭാഗം എംഎൽഎ ജിതേന്ദ്ര അവാദ് പറഞ്ഞു.

“ പ്രതിപക്ഷ നേതാവായിരിക്കെ ലഭിച്ച തന്റെ ഔദ്യോഗിക ബംഗ്ലാവ് വഡേത്തിവാർ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. പരസ്യ പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് 'എംവിഎ'യുടെ എല്ലാ മുതിർന്ന നേതാക്കളെയും വിളിച്ചിരുത്തി അദ്ദേഹത്തിന് സംസാരിക്കാമായിരുന്നുവെന്നും ജിതേന്ദ്ര അവാദ് പറഞ്ഞു. അതേസമയം സീറ്റ് വിഭജനം പ്രശ്നമായെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയിലേക്കിറങ്ങാതെ സീറ്റ് വിഭജനചര്‍ച്ചകളില്‍ കടിച്ചുതൂങ്ങിയത് തിരിച്ചടിയായെന്നാണ് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് എംഎൽഎയുമായ നിതിൻ റൗട്ട് പറഞ്ഞത്.

ഇതിനിടെ എംവിഎയിലെ അസ്വസ്ഥതകള്‍ 'ഇന്‍ഡ്യ' സഖ്യത്തെ തന്നെ ബാധിച്ചേക്കുമെന്ന വിലയിരുത്തലുകളും സജീവമാണ്. ആര്‍എസ്എസിനെ പുകഴ്ത്തിയുള്ള ശരദ് പവാറിന്റെ പ്രശംസ സംശയത്തോടെയാണ് സഖ്യത്തിലെ ചിലര്‍ കാണുന്നത്. അജിത് പവാര്‍ വിഭാഗവുമായി ശരദ് പവാര്‍ വിഭാഗം ഒന്നിച്ചേക്കുമെന്ന വിലയിരുത്തലുകളും മഹാരാഷ്ട്രയില്‍ സജീവമാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചകള്‍ സജീവമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News