'ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണം'; ബോംബെ ഹൈക്കോടതിയിൽ ഹരജി
ഔറംഗസേബിന്റെ ശവകുടീരം ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.


മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹരജി. മഹാരാഷ്ട്ര ചത്രപതി സംഭാജി നഗർ ജില്ലയിലെ ഖുൽദാബാദിൽ സ്ഥിതിചെയ്യുന്ന ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് കേതൻ തിരോദ്കർ എന്നയാളാണ് അഭിഭാഷകനായ രാജാഭാവു ചൗധരി മുഖേന പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്.
ഔറംഗസേബിന്റെ ശവകുടീരം ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിക്കണമെന്നും കേതൻ ഹരജിയിൽ ആവശ്യപ്പെടുന്നു. ചില പുരാതന സ്മാരകങ്ങളെയും പുരാവസ്തു സ്ഥലങ്ങളേയും ദേശീയ പ്രാധാന്യമുള്ളതായി നിയോഗിക്കുന്ന 1958ലെ എഎസ്ഐ നിയമത്തിലെ സെക്ഷൻ 3ന് അനുസൃതമല്ല ഈ സ്ഥലം എന്നാണ് ഹരജിയിലെ വാദം.
ഔറംഗസേബിന്റെ മക്കളിൽ ഒരാളായ ഹൈദരാബാദിലെ ആദ്യ നിസാം ആസാഫ് ജാ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകൻ നാസിർ ജങ്ങിന്റേയും ശവകുടീരങ്ങൾ സമീപത്തുണ്ട്. ഈ ശവകുടീരങ്ങളും പൊളിച്ചുമാറ്റണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. ദേശീയ പ്രാധാന്യം എന്നത് ഒരു പ്രത്യേക പ്രദേശത്തിനോ ഗ്രൂപ്പിനോ അല്ല, മറിച്ച് മുഴുവൻ രാജ്യത്തിനും മൂല്യമുള്ള ഒന്നാണെന്നും ഹരജിയിൽ പറയുന്നു.
ഔറംഗസീബിന്റെ ശവകുടീരത്തിന് ദേശീയ സ്മാരകമെന്ന പ്രാധാന്യം നൽകുന്നത് സ്വയം വരുത്തിവച്ച അപമാനമാണ്. ഇന്ത്യയിൽ ചെങ്കിസ് ഖാൻ, മുഹമ്മദ് ഗോറി, അലക്സാണ്ടർ ചക്രവർത്തി തുടങ്ങിയ വ്യക്തികൾക്ക് സ്മാരകങ്ങൾ സ്ഥാപിച്ചിട്ടില്ലെന്നും ഹരജിയിൽ അവകാശപ്പെടുന്നു.
നേരത്തെ, ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും ഇല്ലെങ്കിൽ കർസേവയിലൂടെ തകർക്കുമെന്നും ഭീഷണിപ്പെടുത്തി സംഘ്പരിവാർ സംഘടനകളായ വിഎച്ച്പിയും ബജ്രംഗ്ദളും നാഗ്പൂരിൽ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി വീടുകളും വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു.
സംഘർഷത്തെ തുടർന്ന് നാഗ്പൂരിലെ പല പ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. 30ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നാഗ്പൂരിലെ ചിറ്റ്‌നിസ് പാർക്ക് പ്രദേശത്തെ മഹലിലാണ് തിങ്കളാഴ്ച രാത്രി ഏകദേശം 7.30ഓടെ ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്. നിരവധി കടകൾക്കും വാഹനങ്ങൾക്കും മെഡിക്കൽ ക്ലിനിക്കിനും തീവച്ചു. സംഘര്‍ഷത്തിൽ നിരവധി വീടുകൾ തകര്‍ക്കപ്പെട്ടു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
അക്രമം തുടരുന്നതിനിടെ ഇന്നലെ രാത്രി 10.30നും 11.30നും ഇടയിൽ ഹൻസപുരി പ്രദേശത്തും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇതിനിടെ, നാഗ്പൂർ സംഘർഷത്തിൽ അറസ്റ്റ് ചെയ്തവരെല്ലാം മുസ്‌ലിംകളാണെന്ന വിവരവും പുറത്തുവന്നിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധത്തിന് കാരണമായിരുന്നു. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.