'അലഹബാദ് ഹൈക്കോടതിയെന്താ ചവറ്റുകുട്ടയോ?'; അനധികൃതം പണം സൂക്ഷിച്ച ജഡ്ജിയെ ജന്മനാട്ടിലേക്ക് സ്ഥലംമാറ്റിയതിനെതിരെ ബാർ അസോസിയേഷൻ
ഇത്തരം അഴിമതി മൂലം ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസം കുറഞ്ഞിട്ടുണ്ടെന്നും അസോസിയേഷൻ കത്തിൽ പറയുന്നു.


ഗാന്ധിനഗർ: ഔദ്യോഗിക സതിയിൽ നിന്ന് വൻതോതിൽ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതിനെതിരെ ബാർ അസോസിയേഷൻ. അലഹബാദ് ഹൈക്കോടതിയെന്താ ചവറ്റുകുട്ടയാണോ എന്ന് ബാർ അസോസിയേഷൻ ചോദിച്ചു.
അഴിമതി അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് വർമയെ അദ്ദേഹത്തിന്റെ ജന്മനാട്ടിലെ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള തീരുമാനം അമ്പരപ്പിച്ചെന്നും അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ (എച്ച്സിബിഎ) കത്തിൽ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയിൽ ജഡ്ജിമാരുടെ കുറവും വർഷങ്ങളായി പുതിയ ജഡ്ജിമാരെ നിയമിക്കാത്തതുമായ സാഹചര്യവുമുണ്ടായിരിക്കെ ഇത് ഗൗരവതരമാണ്.
ജഡ്ജിമാരെ നിയമിക്കുമ്പോൾ ബാർ അസോസിയേഷനുമായി കൂടിയാലോചിക്കാത്തത് ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്നും അസോസിയേഷൻ പറഞ്ഞു. ഇത്തരം അഴിമതി മൂലം ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസം കുറഞ്ഞിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
മാർച്ച് 14ന് ജസ്റ്റിസ് വർമ ഭോപ്പാലിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ വസതിയിൽ തീപിടിത്തമുണ്ടായതിനു പിന്നാലെയാണ് പണം കണ്ടെത്തിയത്. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. 15 കോടി രൂപ കണ്ടെത്തിയെന്നാണ് വിവരം.
കേന്ദ്ര സർക്കാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തരമായി സുപ്രിംകോടതി കൊളീജിയം വിളിച്ചുചേർക്കുകയും ജസ്റ്റിസ് ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയും ചെയ്തു. 2021 ഒക്ടോബറിലാണ് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് വർമ ഡൽഹി ഹൈക്കോടതിയിലേക്ക് എത്തിയത്.
ജസ്റ്റിസ് വർമയോട് രാജിവയ്ക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി എ.എൻ വർമയുടെ മകനാണ് ജസ്റ്റിസ് യശ്വന്ത് വർമ.