ലോക സന്തോഷ സൂചികയിൽ ഇത്തവണയും ഫിൻലൻഡ് ഒന്നാമത്; ഇന്ത്യ ഫലസ്തീനും യുക്രൈനും പിന്നിൽ 118ാമത്

ഡെന്‍മാര്‍ക്ക്, ഐസ്‌ലൻഡ്‌, സ്വീഡന്‍ രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്.

Update: 2025-03-21 17:00 GMT
ലോക സന്തോഷ സൂചികയിൽ ഇത്തവണയും ഫിൻലൻഡ് ഒന്നാമത്; ഇന്ത്യ ഫലസ്തീനും യുക്രൈനും പിന്നിൽ 118ാമത്
AddThis Website Tools
Advertising

ന്യൂഡൽഹി: 2025ലെ ലോകസന്തോഷ സൂചികയിൽ വീണ്ടും ഒന്നാമതെത്തി ഫിൻലൻഡ്. തുടർച്ചയായ എട്ടാം തവണയാണ് ഫിൻലൻഡ് സന്തോഷ സൂചികയിൽ മുന്നിലെത്തുന്നത്. പട്ടികയിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 118ാമതാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ അയൽ രാജ്യമായ പാകിസ്താനും യുദ്ധം നേരിടുന്ന ഫലസ്തീനും യുക്രൈനും ആഫ്രിക്കൻ രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

ഫലസ്തീൻ 108ാമത് എത്തിയപ്പോൾ 109ാമതാണ് പാകിസ്താൻ. 147 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നില്‍. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20ന് ഗാലപ് പോളിങ് ഏജന്‍സിയും യുഎന്നുമായി ചേര്‍ന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ബെല്‍ബീയിങ് ഗവേഷണകേന്ദ്രമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.


ഡെന്‍മാര്‍ക്ക്, ഐസ്‌ലൻഡ്‌, സ്വീഡന്‍ രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതർലൻഡ്‌സ്, കോസ്റ്റാറിക്ക, നോർവെ, ഇസ്രായേൽ, ലക്‌സംബർഗ്, മെക്‌സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. കാനഡ 18ാം സ്ഥാനത്തും ജര്‍മനി 22ാം യുകെ 23ാം സ്ഥാനത്തും അമേരിക്ക 24ാം സ്ഥാനത്തുമാണ്. 

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യുഎഇ 21ാം സ്ഥാനത്തും സൗദി അറേബ്യ 32ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 34ാം സ്ഥാനത്തും തായ്ലൻഡ് 49ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനയാണ് ഏറ്റവും മുന്നില്‍- 68ാം സ്ഥാനം. ശ്രീലങ്ക (133), ബം​ഗ്ലാദേശ് (134) നേപ്പാൾ (92) എന്നിങ്ങനെയാണ് മറ്റ് അയൽരാജ്യങ്ങളുടെ സ്ഥാനം. 


റഷ്യ 66ാം സ്ഥാനത്തും യുക്രൈൻ 111ാ‌മതും സിയറ ലിയോൺ 146ാം സ്ഥാനത്തും ലെബനാൻ 145ാം സ്ഥാനത്തുമാണ്. കരുതലും പങ്കുവയ്ക്കലും ആളുകളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് സൂചിക തയാറാക്കുക.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News