'ഒളിച്ചോടില്ല, ചില പദ്ധതികളുണ്ട്'; അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ രാജി തീരുമാനം മാറ്റി ഫഡ്‌നാവിസ്‌

2019ൽ മഹാരാഷ്ട്രയിൽ 23 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 10 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്

Update: 2024-06-08 12:40 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ഒളിച്ചോടില്ലെന്നും ചില പദ്ധതികളുണ്ടെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ രാജിക്കൊരുങ്ങിയ ഫഡ്നാവിസ് പിന്നീട് തീരുമാനം മാറ്റിയിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഫഡ്നാവിസ് മനം മാറി, രാജി തീരുമാനം പിന്‍വലിച്ചത്. 

'മഹാരാഷ്ട്രയില്‍ ഇത്തവണ പ്രതീക്ഷിച്ച വിജയമുണ്ടായില്ല. എന്നാല്‍, ഈ യോഗത്തോടെ ഭാവിയിലേക്കുള്ള പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നയിച്ചത് ഞാനാണ്. അതിനാല്‍ പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്കാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിക്കുവേണ്ടി താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാനാണ് മാറിനില്‍ക്കാമെന്ന് പറഞ്ഞത്. എന്നാല്‍, കേന്ദ്രനേതൃത്വം എന്നില്‍ വിശ്വാസമര്‍പ്പിച്ചു. ഞാന്‍ നിരാശനാണെന്നാണ് ചിലര്‍ കരുതുന്നത്, എന്നാല്‍ ഞാന്‍ ഒളിച്ചോടുകയല്ല. ഛത്രപതി ശിവജിയാണ് പ്രചോദനം. വൈകാരികമായ തീരുമാനല്ല ഞാനെടുത്തത്, മനസ്സില്‍ ചില പദ്ധതികളുണ്ട്', ഫഡ്നാവിസ്  പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ മഹാരാഷ്ട്രയിൽ 23 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 10 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിന് ഫഡ്നാവിസ് ബുധനാഴ്ച രാജിക്കത്ത് കൈമാറിയത്. മഹാരാഷ്ടയിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ഫഡ്‌നാവിസ്, പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചുകൊണ്ടായിരുന്നു രാജികത്ത് നൽകിയത്.

48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ടയിൽ എൻ.ഡി.എ സഖ്യത്തിന് 18 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷമായിരുന്ന എൻ.സി.പി (ശരദ് പവാർ), ശിവസേന (ഉദ്ധവ്), കോൺഗ്രസ് എന്നീ പാർട്ടികളടങ്ങുന്ന മഹാവികാസ് അഘാഡി 29 സീറ്റുകൾ നേടി. 

ഇതിനിടെ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുപിന്നാലെ അജിത് പവാര്‍ എന്‍.സി.പി. വിഭാഗം പിളര്‍പ്പിലേക്കു നീങ്ങുന്നതായി സൂചനയുണ്ട്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലെ 40 പേരില്‍നിന്ന് 19 എം.എല്‍.എ.മാര്‍ തിരിച്ചെത്തുമെന്ന് എന്‍.സി.പി. ശരദ് പവാര്‍ വിഭാഗം അവകാശപ്പെടുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News