‘വഖഫ് ഭൂമി വിഷയത്തിൽ കർഷകർക്ക് അയച്ച നോട്ടീസുകൾ പിൻവലിക്കണം’; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി കർണാടക സർക്കാർ

'ഒരു കർഷകനെയും അവരുടെ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല'

Update: 2024-11-02 14:38 GMT
Advertising

ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ കർഷകർക്ക് നോട്ടീസ് നൽകരുതെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നൽകിയതായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. റവന്യൂ രേഖകൾ അന്തിമമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'നോട്ടീസുകളോ കത്തുകളോ പിൻവലിക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നം ഇപ്പോൾ പരിഹരിച്ചു.'- പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചില ഭൂമി 50 വർഷം മുൻപ് വഖഫ് ചെയ്തതായി വഖഫ് ബോർഡ് അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, ഇവ സാധുവാകണമെങ്കിൽ വഖഫ്, റവന്യൂ രേഖകൾ ഒത്തുചേരണമെന്ന് പരമേശ്വര വ്യക്തമാക്കി. അല്ലാത്തപക്ഷം റവന്യൂ രേഖകൾക്കായിരിക്കും മുൻതൂക്കമെന്നും അ​​ദ്ദേഹം പറഞ്ഞു.

അതിനിടെ, നോട്ടീസ് നൽകാൻ ബിജെപിയാണ് തുടക്കമിട്ടതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ആരോപിച്ചു. 'വഖഫ് നിയമപ്രകാരമുള്ള നോട്ടീസ് നൽകാനും റവന്യൂ രേഖകൾ മാറ്റാനും ബിജെപിയാണ് ആരംഭിച്ചത്. ഒരു കർഷകനെയും അവരുടെ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഞങ്ങൾ തിരുത്തൽ നടപടികൾ ആരംഭിക്കും.'- ‌‌ശിവകുമാർ മംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

വിജയപുര ജില്ലയിൽ കർഷകർ പരമ്പരാഗതമായി കൈവശംവെച്ചുവരുന്ന ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാനായി നോട്ടീസ് നൽകിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെ അയൽജില്ലയായ ഹാവേരിയിലേക്കും പ്രതിഷേധം വ്യാപിച്ചു. ഇതിനു പിന്നാലെയാണ് സർക്കാരിൻ്റെ നീക്കം. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News