പ്രവാചക നിന്ദ നടത്തിയ നുപുർ ശർമയ്ക്ക് തോക്ക് ലൈസൻസ് നൽകി പൊലീസ്
വിവാദ പരാമർശത്തിൽ വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് കേസുകളാണ് നൂപുർ ശർമയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത്.
ന്യൂഡൽഹി: ചാനൽ ചർച്ചയിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അധിക്ഷേപ പരാമർശം നടത്തി വിവാദത്തിലായ മുൻ ബി.ജെ.പി വക്താവ് നുപുർ ശർമയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു. നുപുർ ശർമയുടെ അപേക്ഷയെ തുടർന്ന് ഡൽഹി പൊലീസാണ് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകിയത്.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നുപുർ ശർമ നൽകിയ പൊലീസിൽ പരാതി നൽകിയിരുന്നു. പരാമർശത്തിൽ സുപ്രിംകോടതി വിമർശനത്തിന് പിന്നാലെയാണ് തനിക്ക് ഭീഷണികൾ വരാൻ തുടങ്ങിയത് എന്നായിരുന്നു നുപുർ ശർമയുടെ വാദം. നുപുറിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടെന്ന് അഭിഭാഷകൻ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
നുപുര്‍ ശര്‍മയുടെ പ്രസ്‌താവന രാജ്യത്ത് തീ പടര്‍ത്തുന്നതിലേക്ക് നയിച്ചെന്നായിരുന്നു സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. ഉദയ്‌പൂരിലെ കനയ്യലാല്‍ എന്ന തയ്യൽക്കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ പ്രസ്‌താവനയാണ്. പ്രസ്‌താവനയില്‍ നുപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രിംകോടതി ജൂലൈയിൽ ആവശ്യപ്പെട്ടിരുന്നു.
"അവർ രാജ്യത്തുടനീളം വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീയാണ് ഉത്തരവാദി. യഥാർഥത്തിൽ യാതൊരു നിയന്ത്രണവുമില്ലാത്ത നാവാണ് അവർക്ക്. ടി.വിയിൽ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി രാജ്യം മുഴുവൻ കത്തിച്ചു. എന്നിട്ടും, 10 വർഷമായി അഭിഭാഷകയാണെന്ന് അവർ അവകാശപ്പെടുന്നു. അവർ ഉടൻ മാപ്പ് പറയണം"- ജഡ്ജിമാർ പറഞ്ഞു.
2022 മേയ് 26ന് നടന്ന ഒരു ടെലിവിഷൻ ചർച്ചക്കിടയാണ് നൂപുർ ശർമ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ ആഗോളതലത്തിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. പിന്നാലെ ബി.ജെ.പി ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
വിവാദ പരാമർശത്തിൽ വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് കേസുകളാണ് നൂപുർ ശർമയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത്. ജൂലൈയിൽ നുപുറിന്റെ അറസ്റ്റ് തടഞ്ഞ സുപ്രിംകോടതി ഈ കേസുകളെല്ലാം ഡൽഹി പൊലീസിന് കൈമാറാൻ ആഗസ്റ്റിൽ ഉത്തരവിടുകയും അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീട്ടുകയും ചെയ്തിരുന്നു. ഡൽഹിക്ക് പുറമെ, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് നുപുറിനെതിരെ കേസുകൾ.
പരാമർശത്തിന് പിന്നാലെ നുപുർ ശർമയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്ര അമരാവതിയിലെ ഉമേഷ് കോൽഹെ എന്ന ഫാർമസിസ്റ്റും രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യ ലാലുമാണ് കൊല്ലപ്പെട്ടത്. എന്നാൽ കനയ്യ ലാലിനെ കൊലപ്പെടുത്തിയവർ ബി.ജെ.പി പ്രവർത്തകരാണന്നതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു.
കേസിൽ അറസ്റ്റിലായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ മൂന്നുവർഷത്തോളമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ദേശീയ മാധ്യമമായ 'ഇന്ത്യാ ടുഡേ'യാണ് ഇതു സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടത്. കൊലയാളികളിൽ ഒരാളായ റിയാസ് അത്താരി പാർട്ടിയുടെ വിശ്വസ്തർ മുഖേന നിരവധി പാർട്ടി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
2019ൽ സൗദി അറേബ്യയിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ച നേതാവായ ഇർഷാദ് ചെയിൻവാല സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി പരിപാടികളില്‍ നേതാക്കള്‍ക്കൊപ്പമുള്ള റിയാസിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
ഉദയ്പൂരിലെ ബി.ജെ.പി പരിപാടികളിൽ റിയാസ് പങ്കെടുക്കാറുണ്ടെന്ന് ഇർഷാദ് സമ്മതിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. രാജസ്ഥാൻ പ്രതിപക്ഷ നേതാവും മുതിർന്ന ബി.ജെ.പി നേതാവുമായ ഗുലാബ് ചന്ദ് കഠാരിയയുടെ അടക്കം പരിപാടികളെ സ്ഥിരം സാന്നിധ്യമായിരുന്നു റിയാസ്. കഠാരിയയ്ക്കൊപ്പമുള്ള റിയാസിന്‍റെ ചിത്രവും പ്രചരിച്ചിരുന്നു.