യുക്രൈനിലെ സർവകലാശാലകളിൽ നിന്ന് ടി.സി വാങ്ങിത്തരാമെന്ന് വാഗ്ദാനം; മെഡിക്കൽ വിദ്യാർഥികളിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽ

യുദ്ധത്തെത്തുടർന്ന് നിരവധി വിദ്യാർഥികളാണ് പഠനം പാതിവഴിയിലുപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്

Update: 2023-09-18 05:16 GMT
Editor : Lissy P | By : Web Desk
Advertising

ഭുവനേശ്വർ: യുക്രൈനിലെ സർവകലാശാലകളിൽ നിന്ന് ട്രാൻസ്‌ക്രിപ്റ്റ് സർട്ടിഫിക്കറ്റ് (ടിസി) വാങ്ങിത്തരാന്‍ സഹായിക്കാമെന്ന് പറഞ്ഞ് മെഡിക്കൽ വിദ്യാർഥികളിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത ഒഡീഷ സ്വദേശി പിടിയിൽ. യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ 65 വിദ്യാർഥികളെ കബളിപ്പിച്ചാണ് വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനത്തിന്റെ മുൻ ഡയറക്ടർ കൂടിയായ സ്വാധിൻ മൊഹപത്ര പണം തട്ടിയെടുത്തത്. യുദ്ധത്തെത്തുടർന്ന് യുക്രൈനിൽ നിന്ന് നിരവധി വിദ്യാർഥികളാണ് പഠനം പാതിവഴിയിലുപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരുടെ ടി.സി വാങ്ങാൻ സഹായിക്കാമെന്നായിരുന്നു പ്രതി പറഞ്ഞിരുന്നത്.

ഭുവനേശ്വർ ആസ്ഥാനമായുള്ള ഗ്ലോബൽ ഫോക്കസ് എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി 2019 ഏപ്രിൽ മുതൽ ഈ വർഷം ഫെബ്രുവരി വരെ അദ്ദേഹം പ്രവർത്തിച്ചിരുന്നു. കമ്പനി അറിയാതെ സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്കാണ് വിദ്യാർഥികളിൽ നിന്ന് പണം സ്വീകരിച്ചത്. തുടർന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പണം സ്വീകരിച്ച ശേഷം ഇക്കാര്യത്തിൽ ഒരു നടപടിയും എടുത്തിരുന്നില്ല. ഇതിന് പിന്നാലെ ഇയാൾ ജോലി ഉപേക്ഷിക്കുകയും ചെയ്തു.

വിദ്യാർഥികളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. വിദ്യാർഥികളിൽ നിന്ന് തട്ടിയെടുത്ത ആകെ 43,72,015 രൂപ പ്രതി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ 40 ലക്ഷം രൂപ കൈപറ്റിയതിന്‍റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിക്കെതിരെ ഐപിസി 420, 294, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഇനി യുക്രൈനിലേക്ക് മടങ്ങാൻ ആഗ്രഹിക്കാത്തവർക്കും ഇന്ത്യയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നവരുമാണ് തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.  മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News