ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് ഒമാൻ
ജി 20 ഉച്ചക്കോടിയിൽ ഒമാൻ അതിഥി രാജ്യമായി ഈ വർഷം പങ്കെടുക്കും. ഇതിന്‍റെ ഭാഗമായാണ് യോഗത്തിൽ ഒമാൻ സംബന്ധിച്ചത്
ന്യൂഡൽഹി: ഡല്‍ഹിയിൽ നടക്കുന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് ഒമാൻ. ജി 20 ഉച്ചക്കോടിയിൽ ഒമാൻ അതിഥി രാജ്യമായി ഈ വർഷം പങ്കെടുക്കും. ഇതിന്‍റെ ഭാഗമായാണ് യോഗത്തിൽ ഒമാൻ സംബന്ധിച്ചത്. കഴിഞ്ഞ ദിവസം നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ സെഷനില്‍ ഒമാനെ പ്രതിനിധീകരിച്ച് മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് പങ്കെടുത്തത്.
സംഭാഷണം, സഹിഷ്ണുത, നല്ല അയൽപക്കം തുടങ്ങിയ മൂല്യങ്ങളിലൂന്നി സമാധാന നിർമ്മാണത്തെക്കുറിച്ചുള്ള ഒമാന്റെ വീക്ഷണം സയ്യിദ് ബദര്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ഇസ്സ ബിന്‍ സാലിഹ് അല്‍ ശൈബാനി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യാപാര, അന്താരാഷ്ട്ര സഹകരണ കാര്യ അണ്ടര്‍ സെക്രട്ടറി പങ്കജ് ഖിംജി, മന്ത്രിയുടെ ഓഫിസ് വിഭാഗം തലവന്‍ അംബാസഡര്‍ ഖാലിദ് ബിന്‍ ഹാശില്‍ അല്‍ മുസ്‌ലഹി, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഒമാന്‍ സംഘത്തി ഉണ്ടായിരുന്നത്.വടക്കേ ഇന്ത്യൻ നഗരമായ ഗുരുഗ്രാമിൽ ആരംഭിച്ച ജി 20യുടെ ആദ്യ അഴിമതി വിരുദ്ധ വർക്കിങ് ഗ്രൂപ്പ് മീറ്റിങിലും ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ ആണ് സംബന്ധിച്ചത്.