ഒമിക്രോൺ; ബൂസ്റ്റർ ഡോസുകൾ അടിയന്തിരമായി നൽകണമെന്ന് ഐഎംഎ
കുട്ടികളുടെ വാക്സിനേഷൻ ഉടൻ ആരംഭിക്കണമെന്നും ഐഎംഎ
രാജ്യത്ത് ഒമിക്രോൺ ഭീഷണി വർധിച്ചു വരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കുട്ടികളുടെ വാക്സിനേഷൻ പെട്ടന്ന് തന്നെ ആരംഭിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും, പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമ്പോൾ മുൻഗണന നൽകണമെന്നും ഐ.എം.എ പറഞ്ഞു.
അതേ സമയം രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. രാജസ്ഥാനിൽ ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 21 ആയി ഉയർന്നു. ഇന്നലെ മാത്രം 17 പേർക്കാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.
രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും കഴിഞ്ഞ മാസമാണ് കുടുംബം ഇന്ത്യയിൽ എത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായിലൂടെ മുംബൈ വഴിയാണ് ഇവർ ജയ്പൂരിലെത്തിയത്.
മഹാരാഷ്ട്രയിലെ 7 കേസുകളിൽ 6 എണ്ണം ചിഞ്ച് വാഡിലും ഒരണം പൂനെയിലുമാണ്. ചിഞ്ച് വാഡിൽ രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നൈജീരിയയിൽ നിന്ന് എത്തിയവരാണ്. പൂനെയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചത് ഫിൻലാന്റിൽ നിന്ന് എത്തിയാൾക്കാണ്. ടാൻസാനിയയിൽ നിന്ന് എത്തിയ 37 വയസുകാരനനാണ് ഡൽഹിയിൽ വൈറസ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച 17 പേരാണ് ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ 5 പേരുടെ കൂടി ജനിതക ശ്രേണികരണഫലം വരാനുണ്ട്. നേരത്തെ കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും ഒമൈക്രോൻ സ്ഥിരീകരിച്ചിരുന്നു.