ഒമിക്രോൺ വൈറസ്; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം
അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷണമെന്നാണ് നിർദേശം.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസ് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയതോടെ സംസ്ഥാനങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രത നിർദേശം. അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷണമെന്നാണ് നിർദേശം.
നിലവിൽ കോവിഡ് രണ്ടാം തരംഗം ഉയർത്തിയ ഭീഷണി രാജ്യത്ത് അവസാനിച്ചിട്ടില്ല. പല സംസ്ഥാനങ്ങളിലും ഉയർന്ന നിലയിൽ തന്നെയാണ് നിലവിൽ കോവിഡ് കേസുകൾ. അതുകൊണ്ടു തന്നെ എല്ലാ സംസ്ഥാനങ്ങളും കരുതൽ എന്ന നിലയിൽ നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.
അതേസമയം ഒമിക്രോൺ വൈറസിൽ പരിഭ്രാന്ത്രി വേണ്ടെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകൾ ഇതുവരെയില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് ഒമിക്രോൺ വൈറസിന്റെ ആശങ്ക വാക്‌സിനേഷൻ നടപടിയെ ബാധിക്കരുതെനാണ് ഐസിഎംആർ നൽകിയിരുന്ന നിർദേശം. പരമാവധി പേരിലേക്ക് വാക്‌സിനേഷൻ എത്തിക്കുകയാണ് പ്രതിരോധമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു.
മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഡൽഹി സർക്കാർ നാളെ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഒമിക്രോൺ ഭീഷണി ചർച്ച ചെയ്യാനുള്ള ഡൽഹി സർക്കാരിന്റെ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ 15 ന് അന്തരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിലെ ആശങ്ക ഡൽഹി സർക്കാർ കേന്ദ്രത്തെ അറിയിക്കും.
കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തുന്നവർക്ക് ക്വാറൻറീനും ഏർപ്പെടുത്തിയിട്ടുണ്ട്.