ക്ഷേത്ര പരിസരത്ത് അമ്മക്ക് മകന്റെ ക്രൂരമർദനം; വീഡിയോ പകർത്തി നാട്ടുകാർ,ഒടുവിൽ അറസ്റ്റ്
നാട്ടുകാരാണ് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ക്ഷേത്രമുറ്റത്തിട്ട് അമ്മയെ ക്രൂരമായി മർദിച്ച് മകൻ. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. മർദനം കണ്ട നാട്ടുകാരാണ് ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത്.
അവശയായ വയോധിക മകനെ പേടിച്ച് ഓടുന്നത് വീഡിയോയിൽ കാണാം. പിന്നാലെ വലിയൊരു വടിയുമായി മകൻ അവരെ പിന്തുടരുന്നു. മകനെ പേടിച്ച് ആ വയോധിക മറ്റൊരു വീട്ടിലേക്ക് ഓടുകയും അവിടെ ഒളിക്കാൻ ശ്രമിക്കുകയും സഹായത്തിനായി നിലവിളിക്കുന്നതും കാണാം.ഓട്ടത്തിനിടയിൽ വസ്ത്രങ്ങൾ തടഞ്ഞ് അവർ വീഴുകയും ചെയ്യുന്നുണ്ട്.
വയോധികയെ ഓരോ വീട്ടിലും ഒളിക്കാൻ ശ്രമിക്കുമ്പോഴും മകൻ അവരെ പിന്തുടരുന്നുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ള പ്രാർഥനകളും ക്ഷേത്രമണികൾ മുഴങ്ങുന്നതും മർദന വീഡിയോയിൽ കാണാം. ഒടുവിൽ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ദുർഗേഷ് ശർമ്മ എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് പറയുന്നു. വീഡിയോയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.