സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍: കേന്ദ്ര നീക്കത്തില്‍ ആര്‍.എസ്.എസിന് എതിര്‍പ്പ്

ഹിജാബ് വിവാദം പ്രാദേശിക തലത്തിൽ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നുവെന്ന അഭിപ്രായവും ആര്‍.എസ്.എസ് യോഗത്തില്‍ ഉയര്‍ന്നു

Update: 2022-02-24 07:30 GMT
Advertising

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ആര്‍.എസ്.എസിന് എതിര്‍പ്പ്. വിവാഹ പ്രായം തീരുമാനിക്കേണ്ടത് സമൂഹമാണ്. ഹിജാബ് വിവാദം പ്രാദേശിക തലത്തിൽ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നുവെന്ന അഭിപ്രായവും ആര്‍.എസ്.എസ് യോഗത്തില്‍ ഉയര്‍ന്നു.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തോട് ആര്‍.എസ്.എസ് നേതാക്കള്‍ യോജിക്കുന്നില്ലെന്നാണ് ഇതോടെ വ്യക്തമായത്- 'വിവാഹപ്രായം സംബന്ധിച്ച വിഷയം ചര്‍ച്ചയിലാണ്. പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ആദിവാസികള്‍ക്കിടയിലും ഗ്രാമപ്രദേശങ്ങളിലും വിവാഹം നേരത്തെ നടക്കുന്നു. ഇത് വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുന്നുവെന്നും ഗര്‍ഭധാരണം നേരത്തെയാക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ എത്രമാത്രം ഇടപെടണം എന്നതാണ് ചോദ്യം. ചില കാര്യങ്ങള്‍ സമൂഹത്തിന് വിട്ടുകൊടുക്കണം.'- മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് 11 മുതല്‍ 13 വരെ അഹമ്മദാബാദില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്) ബൈഠക്കില്‍ വിവാഹപ്രായ വിഷയവും ഹിജാബ് വിഷയവും ചര്‍ച്ച ചെയ്യുമെന്ന് ആര്‍.എസ്.എസ്. വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിർപ്പിനെ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചയ്ക്കായി ബില്‍ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News