ചർച്ച് ബില്ലിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഓർത്തഡോക്സ് സഭ; യെച്ചൂരിയെ കണ്ടു
ചർച്ച് ബിൽ സംബന്ധിച്ച നടപടികൾ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സഭാ നേതൃത്വം യെച്ചൂരിയെ കണ്ടത്.
ന്യൂഡൽഹി: ചർച്ച് ബില്ലിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഓർത്തഡോക്സ് സഭ. നിയമനിർമാണം വേണ്ടെന്ന് ബിഷപ്പ് യൂഹാനോൻ മാർ ദിമിത്രിയോസ് പറഞ്ഞു. ആവശ്യവുമായി സഭാ സംഘം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടു.
ചർച്ച് ബിൽ സംബന്ധിച്ച നടപടികൾ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സഭാ നേതൃത്വം യെച്ചൂരിയെ കണ്ടത്. ബിഷപ്പിനൊപ്പം സെക്രട്ടറി സജി യോഹന്നാൻ, ഡൽഹി ഭദ്രാസന മാനേജിങ് കമ്മിറ്റിയംഗങ്ങളുമാണ് സിപിഎം ആസ്ഥാനത്തെത്തിയത്.
നിയമനിർമാണത്തിൽ നിന്ന് സർക്കാർ പിന്നോട്ടുപോകണം, സുപ്രിംകോടതി വിശദമായ വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ ഇത്തരമൊരു നിയമനിർമാണത്തിന്റെ ആവശ്യമില്ല എന്നാണ് ഓർത്തഡോക്‌സ് സഭയുടെ നിലപാട്.
അത്തരത്തിൽ എന്തെങ്കിലും നിയമനിർമാണം നടത്തുകയാണെങ്കിൽ തങ്ങളുമായി ചർച്ച നടത്തണമെന്നും സഭയുടെ ആശങ്കകൾ കൂടി ഉൾക്കൊണ്ടുകൂടി മാത്രമേ അതിലേക്ക് കടക്കാവൂ എന്നും കൂടിക്കാഴ്ചയിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു.
അതേസമയം, സുപ്രിംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ അതിനെതിരായ സമീപനം സ്വീകരിക്കരുതെന്ന അഭിപ്രായമാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ബിഷപ്പ് മാധ്യമങ്ങളോടു പ്രതികരിച്ചു. എല്ലാവർക്കും ഒരുമിച്ച് ഇടകയിൽ വന്ന് ആരാധന നടത്താനുള്ള സ്വാതന്ത്ര്യം മലങ്കര സഭ കൊടുക്കുന്നുണ്ട്. എവിടെയും ആരെയും തടസപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.