146 എം.പിമാർക്ക് സസ്പെൻഷൻ: ലോക് സഭയിൽ നിന്ന് പുറത്തായത് 15 കോടി വോട്ടർമാരുടെ ശബ്ദം
രാജ്യസഭയിൽ നിന്ന് പുറത്താക്കപ്പെട്ടത് 18.43 കോടി വോട്ടർമാരുടെ ശബ്ദം
ന്യൂഡൽഹി: പാര്‍ലമെന്റിൽ നടന്ന അതിക്രമത്തെ കുറിച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടതിന് ഒരാഴ്ചക്കിടെ 146 പ്രതിപക്ഷ എം.പി മാരെ സസ്പെൻഡ് ചെയ്തതിലൂടെ 15 കോടി ജനങ്ങളുടെ ശബ്ദമാണ് ലോക് സഭയിലില്ലാതായതെന്ന് കണക്കുകൾ. കോടിക്കണക്കിന് വോട്ടർമാരെ കൂടിയാണ്അസാധാരണമായ സസ്പെൻഷനിലൂടെ എൻ.ഡി.എ ഭരണകൂടം ‘പുറത്താക്കിയത്’.
ജനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളുമൊക്കെ പ്രതിഫലിക്കുന്നത് എം.പിമാരിലൂടെയാണ്. എന്നാൽ കൂട്ട സസ്പെൻഷനിലൂടെ 99 മണ്ഡലങ്ങളിൽ നിന്നുള്ള 15,30,89,870 (15.3 കോടി) വോട്ടർമാരുടെ ശബ്ദമാണ് ലോക്‌സഭയിൽ നിന്ന് മാത്രം പുറത്തായത്. ദ വയർ ആണ് സസ്പെൻഷന്റെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ തിരിച്ചു കണക്കുകൾ ക്രോഡീകരിച്ചു പുറത്ത് വിട്ടത്.
രാജ്യസഭയിൽ ഇതിനേക്കാൾ രൂക്ഷമാണ് അവസ്ഥ. സസ്പെൻഷനിലായ രാജ്യസഭാ എം.പിമാരുടെ എണ്ണം ആശ്രയിച്ചു തയാറാക്കിയ കണക്കുകൾ പ്രകാരം ഉപരിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടത് 18,43,83,909 (18.43 കോടി) വോട്ടർമാരുടെ ശബ്ദമാണ്.
ഇരു സഭകളിലും പ്രതിപക്ഷ പാർട്ടികളുടെ പ്രാതിനിധ്യത്തിലും വലിയ ഇടിവാണുണ്ടായിരിക്കുന്നത്. ലോക്‌സഭയിൽ കോൺഗ്രസിന്റെ അംഗബലം പത്തിലൊന്നിൽ താഴെയായി. ഡി.എം.കെ, ടി.എം.സി, ജെ.ഡി.യു തുടങ്ങിയ മറ്റ് പാർട്ടികളുടെ ശക്തി 60 ശതമാനത്തിലധികം കുറഞ്ഞു. ചെറുപാർട്ടികൾക്ക് ഒരു പ്രതിനിധികൾ പോലുമില്ലാതൊയി. രാജ്യസഭയിലും പ്രധാന പ്രതിപക്ഷ കക്ഷികളുടെ അംഗബലം ഏറെ കുറഞ്ഞു.