ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിലേക്ക്
24 മണിക്കൂറിനിടെ 90,928 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 90,928 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 325 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 4,82,876 ആയി.
പ്രതിദിന കോവിഡ് കണക്ക് 56.5 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 19,206 പേര്‍ രോഗമുക്തരായി. ഒമിക്രോണ്‍ കേസുകളുടെ എണ്ണം 2630 ആയി. 26 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബാധിക്കുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കി. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറിരട്ടി വർധനയാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.
ഐ.സി.എം.ആറും ടാറ്റ ഡയഗ്നോസിസും ചേർന്ന് ഒമിക്രോണ്‍ പരിശോധനയ്ക്ക് ആർടിപിസിആർ കിറ്റ് വികസിപ്പിച്ചു. നിലവിൽ രാജ്യത്ത് ഒമിക്രോൺ പരിശോധന നടത്താൻ 40ഓളം ലാബുകളാണ് ഉള്ളത്. ഇതുമൂലം ഫലം അറിയാൻ കലാതാമസവും നേരിടുന്നുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ കിറ്റ് വികസിപ്പിച്ചത്. കിറ്റുകൾ ഉടൻ തന്നെ സംസ്ഥാനങ്ങൾക്കും ലാബുകൾക്കും വിതരണം ചെയ്യും.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ മാസം 10 മുതൽ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യും. ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിന് മുകളിലുള്ളവർക്കുമാണ് ആദ്യഘട്ടത്തിൽ നൽകുക. പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും കോവിഡ് സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ രാത്രി കർഫ്യൂവും ഞായറാഴ്ചകളിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചു.