അതിരുകടന്ന് പ്രവർത്തകരുടെ ആവേശം; വേദി വിട്ട് രാഹുലും അഖിലേഷും
സദസ്സിനെ അഭിസംബോധന ചെയ്യാതെ മടങ്ങിയത് സാഹചര്യം നിയന്ത്രിക്കാനാവാതെ വന്നതോടെ
ലഖ്‌നൗ: ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞടുപ്പ് പ്രചരണ വേദി വിട്ട് നേതാക്കാൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമാണ് പ്രവർത്തകർ വേദിയിലേക്ക് തള്ളികയറിയതിനെ തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്യാതെ വേദിവിട്ടത്.
ഉത്തർപ്രദേശിലെ ഫുൽപൂർ ലോക്‌സഭാ മണ്ഡലത്തിലെ പാടിലിയിലാണ് സംഭവം. പ്രവർത്തകർ കൂട്ടത്തോടെ വേദിയിലേക്ക് എത്തുകയും സാഹചര്യം നിയന്ത്രിക്കാൻ കഴിയാതെവരികയും ചെയ്തതോടെയാണ് ഇരു നേതാക്കളും പ്രസംഗിക്കാൻ നിൽക്കാതെ വേദിവിട്ടത്.
കോൺഗ്രസ്, എസ്പി പ്രവർത്തകർ കൂട്ടത്തോടെ എത്തിയപ്പോൾ സംയമനം പാലിക്കണമെന്നും പുറകിലേക്ക് മാറാനും നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
സംഭവ സ്ഥലത്ത് വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യേഗസ്ഥർക്കും സ്ഥിതി നിയന്ത്രിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് രാഹുലും അഖിലേഷും കൂടിയാലോചിച്ച ശേഷം വേദി വിടുകയായിരുന്നു. വലിയ അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സദസ്സിനെ അഭിസംബോധന ചെയ്യാതെ മടങ്ങിയതെന്ന് നേതാക്കൾ പറഞ്ഞു.
സംഭവത്തിനു ശേഷം ഇരുവരും പ്രയാഗ്‍രാജ് ജില്ലയിലെ മറ്റൊരു മണ്ഡലമായ അലഹാബാദിലെ കരച്ചനയിൽ സംഘചിപ്പിച്ച പ്രചരണ പരിപാടിയിൽ പങ്കെടുത്തു.