ഗ്യാസിൻ്റെ വിലക്കുറവ് അംഗീകരിക്കുന്നു പക്ഷേ... പ്രധാനമന്ത്രിയോട് ചോദ്യവുമായി പി ചിദംബരം
ന്യൂഡൽഹി: ഗ്യാസിന്റെ വില കുറച്ചത് അംഗീകരിക്കുന്നുവെന്നും എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വില വീണ്ടും വർധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി വാക്ക് നൽകണമെന്നും കോൺഗ്രസ് നേതാവ് പി. ചിദംബരം.
വനിതാദിനത്തിലാണ് ഗാർഹിക സിലിണ്ടറിന് 100 രൂപ കുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. സിലിണ്ടറിന്റെ വിലകുറച്ചത് രാജ്യത്തെ ദശലക്ഷകണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കുമെന്നും കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപനത്തിൽ പറഞ്ഞത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽഗാന്ധി നൽകിയ നൽകിയ അഞ്ച് ഉറപ്പുകളേക്കുറിച്ചും ചിദംബരം സംസാരിച്ചു.
കേന്ദ്ര സർക്കാരിലെ 30 ലക്ഷം ഒഴിവുകൾ നികത്തുന്നതിലൂടെ തൊഴിൽ സൃഷ്ടിക്കൽ, അപ്രന്റീസ്ഷിപ്പ് അവകാശ നിയമം, സർക്കാർ ജോലികൾക്കുള്ള ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നടപടികൾ, ഗിഗ് ഇക്കോണമിയിലെ തൊഴിലാളികളുടെ ക്ഷേമം, യുവ സംരംഭകത്വത്തിനുള്ള സാമ്പത്തിക സഹായം എന്നിവ ഈ ഉറപ്പുകളിൽ ഉൾപ്പെടുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇവ പൂർത്തീകരിക്കുമെന്ന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റി അധ്യക്ഷൻ കൂടിയായ ചിദംബരം പറഞ്ഞു