ജമ്മു കശ്മീരിൽ പാക് ഡ്രോൺ പിടികൂടിയ കേസ്; എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു
ആറ് പേരെ പ്രതി ചേർത്ത് കൊണ്ടാണ് കുറ്റപത്രം
ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ പാക് ഡ്രോൺ പിടികൂടിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ആറ് പേരെ പ്രതി ചേർത്ത് കൊണ്ടാണ് കുറ്റപത്രം. കേസിൽ ഏജൻസി സമർപ്പിക്കുന്ന ആദ്യ കുറ്റപത്രമാണിത്.
കഴിഞ്ഞ മെയിലാണ് കത്വ ജില്ലയിൽ പാക് ഡ്രോണുകൾ കണ്ടെത്തിയത്. മെയ് 29 ന് രാജ്ബാഗ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് അന്വേഷണം ജൂലൈയിൽ എൻ.ഐ.എ ഏറ്റെടുക്കുകയും ചെയ്തു. ഡ്രോണുകൾ വഴി കടത്തിയ ആയുധങ്ങൾ ശേഖരിക്കാൻ പാക് ഏജന്റായ സജ്ജദ് ഗുൽ, കശ്മീർ താഴ്വരയിലുളള ഭീകരരോട് നിർദേശിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഫൈസൽ മുനീർ, ഹാജി ഷെറു, യൂനുസ്, മുനി മുഹമ്മദ്, അലി മുഹമ്മദ്, സജ്ജാദ് ഗുൽ എന്നിവരാണ് കേസിൽ അറസ്റ്റിലായിട്ടുളളത്.
കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിൽ നിന്ന് മാത്രം 22 ഡ്രോണുകൾ പിടിച്ചെടുത്തു. ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 316 കിലോഗ്രാം മയക്കുമരുന്നും ബിഎസ്എഫ് പിടികൂടി. പഞ്ചാബിലെ വിവിധ പ്രദേശങ്ങളിൽ ഡ്രോണുകൾ കണ്ടെത്തി. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ പരിധിയിലാണ് ഡ്രോണുകൾ കണ്ടത് എന്നും സുരക്ഷ സേന അറിയിച്ചു.