'സുഖമാണോ സര്‍? വളരെ സന്തോഷമുണ്ട്', കുശലം പറഞ്ഞ് സിദ്ദു; അരികില്‍ വിളിച്ചിരുത്തി അമരീന്ദര്‍-പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം

പഞ്ചാബ് കോണ്‍ഗ്രസ് ഭവനില്‍ നടന്ന ചടങ്ങില്‍ സിദ്ദു പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു. സിദ്ദുവിനൊപ്പം നിയമിതരായ നാല് വര്‍ക്കിങ് പ്രസിഡന്റുമാരും ഇന്ന് ചുമതലയേറ്റു.

Update: 2021-07-23 10:17 GMT
Advertising

ഏറെ നാളത്തെ രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം. പി.സി.സി അധ്യക്ഷനായി നിയമിതനായ നവജ്യോത് സിങ് സിദ്ദുവും മുഖ്യമന്ത്രിയും പരസ്പരം കുശലാന്വേഷണം നടത്തി സ്‌നേഹം പങ്കുവെച്ചതോടെ അണികള്‍ ആവേശത്തിലായി. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായതില്‍ ഹൈക്കമാന്‍ഡിനും ആശ്വസിക്കാം.

പഞ്ചാബ് ഭവനില്‍ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും വേണ്ടി മുഖ്യമന്ത്രിയൊരുക്കിയ വിരുന്നിലേക്കാണ് പി.സി.സി അധ്യക്ഷന്‍ സിദ്ദു കടന്നുവന്നത്. തീന്‍മേശക്കരികില്‍ ഇരിക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് മുന്നിലെത്തി് സിദ്ദു കൈകൂപ്പി കുശലാന്വേഷണം നടത്തി. തുടര്‍ന്ന് തന്റെ എതിര്‍വശത്തായി ഇരിക്കാനൊരുങ്ങിയ സിദ്ദുവിനെ അമരീന്ദര്‍ തൊട്ടടുത്തേക്ക് വിളിച്ചിരുത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നുവെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Full View

പിന്നീട് പഞ്ചാബ് കോണ്‍ഗ്രസ് ഭവനില്‍ നടന്ന ചടങ്ങില്‍ സിദ്ദു പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു. സിദ്ദുവിനൊപ്പം നിയമിതരായ നാല് വര്‍ക്കിങ് പ്രസിഡന്റുമാരും ഇന്ന് ചുമതലയേറ്റു. സംഗതി സിങ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് നാഗ്ര എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. പുതിയ പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ സിദ്ദുവിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായിരുന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന അമരീന്ദര്‍ പിന്നീട് ഹൈക്കമാന്‍ഡ് സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News