പഞ്ചാബില്‍ വീണ്ടും രാജി; മന്ത്രി പര്‍ഗത് സിങ് രാജിവെച്ചു
പി.സി.സി അധ്യക്ഷന്‍ നവ്യോത് സിങ് സിദ്ദു ഇന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് പി.സി.സി ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ചഹാറും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റസിയ സുല്‍ത്താനയുടെ രാജി.
പഞ്ചാബ് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. പി.സി.സി അധ്യക്ഷന്‍ നവ്യോത് സിങ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി പര്‍ഗത് സിങ് രാജിവെച്ചു. ജലവിഭവ വകുപ്പ് മന്ത്രി റസിയ സുല്‍ത്താന രാജിവെച്ചതിന് പിന്നാലെയാണ് ഒരു മന്ത്രി കൂടി രാജിവെച്ചിരിക്കുന്നത്. സിദ്ദുവിന്റെ വിശ്വസ്തനായ പര്‍ഗത് സിങ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനാണ്. ജലന്തര്‍ കാണ്ട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് പര്‍ഗത് സിങ്.
പി.സി.സി അധ്യക്ഷന്‍ നവ്യോത് സിങ് സിദ്ദു ഇന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് പി.സി.സി ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ചഹാറും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റസിയ സുല്‍ത്താനയുടെ രാജി. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുമായുള്ള അഭിപ്രായ ഭിന്നതയാണ് സിദ്ദുവിന്റെ രാജിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സിദ്ദുവിന്റെ നോമിനിയായാണ് ചന്നി മുഖ്യമന്ത്രിയായത്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ ഇരുവരും തമ്മില്‍ ഇടയുകയായിരുന്നു.
അതിനിടെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഡല്‍ഹിയിലെത്തി. അദ്ദേഹം നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. എന്നാല്‍ തന്റെ സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രമാണ് ഡല്‍ഹിയിലെത്തിയതെന്ന് അമരീന്ദര്‍ പറഞ്ഞു.