മൂന്ന് വയസുള്ള കുഞ്ഞ് കരഞ്ഞു; ദേഹത്ത് തിളച്ച എണ്ണയൊഴിച്ച മാതാപിതാക്കൾ അറസ്റ്റിൽ
കുട്ടിയെ അമ്മ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യാറുണ്ടെന്നും അയൽവാസികൾ പറഞ്ഞു.
ഗുവാഹത്തി: മൂന്ന് വയസുള്ള ആൺകുഞ്ഞ് കരഞ്ഞതിന് ദേഹത്ത് ചൂടുള്ള എണ്ണയൊഴിച്ച മാതാപിതാക്കൾ അറസ്റ്റിൽ. അസം കച്ചാർ ജില്ലയിലെ സോനായി പ്രദേശത്താണ് സംഭവം. അമ്മ ജബ ദാസ് (22), പിതാവ് രാജ്ദീപ് ദാസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് രംഗീർഖാരി പൊലീസ് ഔട്ട്‌പോസ്റ്റ് ഓഫീസർ ഇൻ-ചാർജ് ഹിമാക്ഷി നാഥ് പറഞ്ഞു.
ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരുടെ ഇടപെടലിനെ തുടർന്നാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. കുട്ടി അമിതമായി കരഞ്ഞതിനാണ് മാതാവ് ചൂടുള്ള എണ്ണ ഒഴിച്ചതെന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നും അയൽവാസികൾ പറഞ്ഞു. കുട്ടിയെ അമ്മ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
'കുഞ്ഞ് വലിയ തോതിൽ കരയുന്നത് കേട്ടതോടെ എന്തോ അസ്വാഭാവികമായി സംഭവിച്ചിട്ടുണ്ടാവാമെന്ന് സംശയം തോന്നുകയും ഞങ്ങൾ ചൈൽഡ് ഹെൽപ്പ് ലൈനിൽ അറിയിക്കുകയുമായിരുന്നു. അവരാണ് പൊലീസിനെ വിവരമറിയിച്ചത്. കുഞ്ഞ് കരഞ്ഞതിനാണ് അമ്മ തിളച്ച എണ്ണ ഒഴിച്ചതെന്നാണ് കരുതുന്നത്'- അയൽവാസികളിൽ ഒരാൾ പറഞ്ഞു.
ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ വീട്ടിൽ നിന്നും രക്ഷപ്പെടുത്തിയതായി ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു. ചികിത്സയ്ക്കായി സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും വിഷയത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
ചൂടുള്ള എണ്ണയോ മറ്റോ ഒഴിച്ചതുകൊണ്ടാണ് പൊള്ളലേറ്റത്. കുട്ടി സുഖം പ്രാപിച്ചാൽ ഞങ്ങൾ അവനോട് സംസാരിക്കും. ദമ്പതികൾക്കെതിരെ ഐപിസി 307 (കൊലപാതകശ്രമം), 335 (സ്വമേധയാ ഗുരുതരമായ പരിക്കേൽപ്പിക്കുക), 326 (വിവിധ അപകടകരമായ മാർഗങ്ങളോ ഉപകരണങ്ങളോ ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കുക), 120 ബി (ക്രിമിനൽ ഗൂഢാലോചന), 2015-ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിൻ്റെ 75-ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്- ഹിമാക്ഷി നാഥ് പറഞ്ഞു.
കുട്ടി ചികിത്സയിലാണെന്നും മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയുടെ സ്വകാര്യഭാഗമുൾപ്പെടെ ശരീരമാസകലെ പൊള്ളലേറ്റിട്ടുണ്ടെന്ന് മെഡി.കോളജിലെ ഡോക്ടർമാർ പറഞ്ഞു. ചില പരിക്കുകൾ പുതിയതാണ്. ചിലത് അൽപ്പം പഴയതാണെന്ന് തോന്നുന്നു. കുട്ടി കുറേ ദിവസങ്ങളായി പീഡനം നേരിടുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അവർ അറിയിച്ചു.