പെഗാസസ്: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എൻ. റാമും ശശി കുമാറും സുപ്രീംകോടതിയിൽ
40 മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ ചോർത്തൽ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ആവശ്യം
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ മാധ്യമപ്രവർത്തകരും നിയമനടപടിക്ക്. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറും സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, 40 മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ ഫോൺ ചോർത്തൽ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ആവശ്യം.
പെഗാസസ് ലക്ഷ്യംവെച്ചെന്ന് കരുതുന്ന ആളുകളുടെ മൊബൈൽ ഫോണുകൾ ആംനസ്റ്റി ഇൻറർനാഷണലിൻെന്റെ സെക്യൂരിറ്റി ലാബ് പരിശോധിച്ചപ്പോൾ സുരക്ഷാ ലംഘനങ്ങൾ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്പൈവെയറിന് ലൈസൻസ് നേടിയിട്ടുണ്ടോ, നേരിട്ടോ അല്ലാതെയോ നിരീക്ഷിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താൻ സുപ്രീംകോടതി സർക്കാറിനോട് നിർദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
പെഗാസസ് ഉപയോഗിച്ച് രാജ്യത്ത് ചോർത്തപ്പെട്ട ഫോണുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ മുതൽ ബി.എസ്.എഫിന്റെ രണ്ടു കേണൽമാർ വരെയുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്റെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും പി.എ ആയിരുന്ന റിട്ട.ഐ.എ.എസ് ഓഫിസറുടെയും നിതി ആയോഗിലെ ഉദ്യോഗസ്ഥന്റെയും ഫോണുകൾ ചോർത്തപ്പെട്ടതായി സംശയിക്കുന്നെന്ന് ദി വയർ ആണ് റിപ്പാർട്ട് ചെയ്തത്.