ട്രെയിന്‍ കത്തിക്കുന്ന ഗുണ്ടകളെ സേനയില്‍ വേണ്ട: മുന്‍ സൈനിക മേധാവി വി.പി മാലിക്

കാർഗിൽ യുദ്ധകാലത്ത് രാജ്യത്തെ നയിച്ച കരസേനാ മേധാവിയാണ് ജനറൽ വി.പി മാലിക്

Update: 2022-06-17 05:14 GMT
Advertising

ഡല്‍ഹി: സൈന്യത്തിലെ ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് സ്കീം ആയ അഗ്നിപഥിനെ പിന്തുണച്ച് മുന്‍ കരസേന മേധാവി വി.പി മാലിക്. കാർഗിൽ യുദ്ധ കാലത്ത് ഇന്ത്യയെ നയിച്ച കരസേനാ മേധാവിയാണ് ജനറൽ വി.പി മാലിക്. അഗ്നിപഥിനെതിരായ പ്രതിഷേധത്തിനിടെ നടക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദികളായ ഗുണ്ടകളെ റിക്രൂട്ട് ചെയ്യാൻ സൈന്യത്തിന് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

"സായുധ സേന ഒരു സന്നദ്ധ സേനയാണെന്ന് നമ്മള്‍ മനസ്സിലാക്കണം. ഇതൊരു ക്ഷേമ സംഘടനയല്ല. രാജ്യത്തിന് വേണ്ടി പോരാടാൻ കഴിയുന്ന ഏറ്റവും മികച്ച ആളുകളെയാണ് വേണ്ടത്. ഗുണ്ടായിസത്തിൽ ഏർപ്പെടുന്നവരും ട്രെയിനുകളും ബസുകളും കത്തിക്കുന്നവരും സായുധ സേനയിൽ വേണ്ട"- ജനറൽ മാലിക് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റിക്രൂട്ട്മെന്‍റ് നടക്കാതിരുന്ന ഈ വര്‍ഷങ്ങളില്‍ പലര്‍ക്കും അവസരം നഷ്ടമായെന്ന് വി.പി മാലിക് സമ്മതിച്ചു. അവരിൽ ചിലർക്ക് പ്രായപരിധി കഴിഞ്ഞിട്ടുണ്ടാവും. അവർ അഗ്നിപഥ് പദ്ധതിക്ക് അർഹരായിരിക്കില്ല. അതിനാൽ അവരുടെ ഉത്കണ്ഠയും നിരാശയും മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാലു വര്‍ഷം കഴിയുമ്പോള്‍ തൊഴില്‍രഹിതരാവുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജനറല്‍ മാലിക് പറഞ്ഞു. പൊലീസിലേക്കും അർദ്ധസൈനിക വിഭാഗത്തിലേക്കും പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കുറേ പേര്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കും. പദ്ധതി നടപ്പാക്കുന്ന മുറയ്ക്ക് ആശങ്കകൾ പരിശോധിക്കുമെന്നും ജനറല്‍ മാലിക് പറഞ്ഞു.

ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലാണ് ഇന്നലെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് സ്കീം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ യുവാക്കൾ ട്രെയിനുകൾ കത്തിച്ചു, റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തി. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News