എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നതിനിടെ കുരുമുളകുപൊടി സ്പ്രേ ചെയ്ത് 7 ലക്ഷം തട്ടി; നാലു പേര്‍ അറസ്റ്റില്‍
കവര്‍ച്ചയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു
ഹൈദരാബാദ്: എ.ടി.എമ്മില്‍ പണം നിക്ഷേപിക്കാനെത്തിയ യുവാവിനു നേരെ കുരുമുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച. നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴു ലക്ഷം രൂപയാണ് കവര്‍ന്നത്. ഹൈദരാബാദിലെ ഹിമായത്നഗറിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എ.ടി.എമ്മിലാണ് സംഭവം.
ജൂലൈ മൂന്നിനാണ് കവര്‍ച്ച നടന്നത്. എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നതിനിടെ തന്നെ ആക്രമിച്ച് പണം കവര്‍ന്നുവെന്ന് യുവാവ് ദൊമാൽഗുഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവാവിനു പിന്നാലെ എ.ടി.എമ്മിലെത്തിയ രണ്ടു പേര്‍ പെപ്പര്‍ സ്പ്രേ അടിക്കുന്നതും ആക്രമിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞു. അക്രമികളില്‍ ഒരാള്‍ മാസ്കും മറ്റൊരാള്‍ ഹെല്‍മറ്റും ധരിച്ചിരുന്നു. ബലപ്രയോഗത്തിലൂടെ യുവാവിനെ ആക്രമിച്ച് ഇരുവരും പണം തട്ടിയെടുത്ത് ഓടി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 3.25 ലക്ഷം രൂപ പിടികൂടി. പെപ്പര്‍ സ്പ്രേയും ഇവരില്‍ നിന്ന് കണ്ടെടുത്തു. തൻസിഫ് അലി (24), അബ്ദുല്‍ മുഹീസ് (23), തൻസീഹ് (23), മുഹമ്മദ് സഹദ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Summary- Four people were arrested by the Hyderabad Police for attacking and robbing a man at a Punjab National Bank ATM in Hyderabad.