മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യം: യു.എ.പി.എ ചുമത്തണമെന്ന ഹരജിയില്‍ കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്
വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് എതിരായ ഹരജികൾ പരിഗണിക്കുന്ന ജസ്‌റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് തന്നെ ഹരജി പരിഗണിക്കും.
മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കണമെന്ന ഹരജിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്ക് സുപ്രിംകോടതിയുടെ നോട്ടീസ്. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. നിലവിൽ വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരായ ഹരജികൾ പരിഗണിക്കുന്ന ജസ്‌റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് തന്നെ ഹരജി പരിഗണിക്കും.
ഭരണകക്ഷിയിൽ പെട്ടവരടക്കം മുസ്‍ലിം വിഭാഗത്തിനെതിരെ ഒറ്റതിരിച്ച് വിദ്വേഷ പ്രചാരണം നടത്തുകയാണെന്ന് ഹരജിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഷഹീൻ അബ്‌ദുല്ല ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളില്‍ സ്വതന്ത്രവും വിശ്വാസയോഗ്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.
മുസ്‍ലിംകളുടെ വംശഹത്യയ്‌ക്കായുള്ള പരസ്യമായ ആഹ്വാനങ്ങള്‍ പലപ്പോഴും പൊതുപരിപാടികളില്‍ ഉണ്ടാവാറുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. മുസ്‌ലിംകളെ സാമ്പത്തികവും സാമൂഹികവുമായി ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഉണ്ടായിട്ടുണ്ട്. ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഉചിതമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികളോട് നിർദേശിച്ചുകൊണ്ട് നിരവധി ഉത്തരവുകൾ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിട്ടും രാജ്യത്ത് സ്ഥിതിഗതികൾ മോശമാവുകയാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ ശാരീരിക അതിക്രമത്തില്‍ എത്തിയെന്നും ഹരജിയില്‍ വിശദീകരിച്ചു. കപിൽ സിബലാണ് ഷഹീൻ അബ്‌ദുല്ലയ്ക്കായി ഹാജരായത്.