പി.എം കെയേഴ്‌സ് ഫണ്ട് സർക്കാർ ഫണ്ടല്ല; വിവരാവകാശ പരിധിയിൽ വരില്ലെന്നും കേന്ദ്രം
ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ വാദങ്ങൾ.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച പി.എം കെയേഴ്‌സ് ഫണ്ട് സർക്കാർ ഫണ്ടല്ലെന്ന് കേന്ദ്രം കോടതിയിൽ. പൊതുപണം അല്ലാത്തതിനാൽ വിവരാവകാശത്തിന് കീഴിൽ വരില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ വാദങ്ങൾ.
പി.എം കെയേഴ്‌സ് ഫണ്ട് സർക്കാരിന്റെ അധീനതയിൽ ആണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. പാവങ്ങളെ സഹായിക്കാനുള്ള ആശ്വാസനിധിയെന്ന പേരിൽ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് വ്യവസായികളടക്കം കോടിക്കണക്കിന് രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്.
ഈ തുകകൾ എന്തൊക്കെ കാര്യങ്ങൾക്ക് ചെലവഴിച്ചു എന്നടക്കം ചോദിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് പി.എം കെയേഴ്‌സ് ഫണ്ട് ഓഫീസിൽ നിന്ന് ഉത്തരം നിരസിക്കുകയായിരുന്നു. സർക്കാർ പദ്ധതിയല്ലെന്നും ഒരു ട്രസ്റ്റിന്റെ കീഴിലാണെന്നും മറുപടിയിൽ പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ അംഗങ്ങളാണെങ്കിലും അതൊരു ട്രസ്റ്റാണെന്നും അതിനാൽ വിവരാവകാശ ചോദ്യത്തിന് മറുപടി നൽകാനാവില്ലെന്നുമായിരുന്നു ഓഫീസിൽ നിന്നുള്ള മറുപടി. ഇത് ശരിവച്ചാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.