ഏഴു വര്‍ഷമായി മോദിയുടേത് ഒരേ പ്രസംഗം; പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്ന് കോണ്‍ഗ്രസ്
മോദി കുറെ കാര്യങ്ങള്‍ പറയുന്നു. എന്നാല്‍ ഒന്നിലും ഉറച്ചു നില്‍ക്കുന്നില്ല
ഏഴു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരേ പ്രസംഗമാണ് നടത്തുന്നതെന്നും പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ അത് നടപ്പിലാക്കുന്നില്ലെന്നും കോണ്‍ഗ്രസ്.
ഏഴു വര്‍ഷമായി രാജ്യം ഒരേ പ്രസംഗങ്ങളാണ് പ്രധാനമന്ത്രിയില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രയാസം നേരിടുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വിഭാഗത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖഡ്‌ഗെ പറഞ്ഞു. അദ്ദേഹം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ ഒരിക്കലും നടപ്പിലാക്കുന്നില്ല, ഫലത്തില്‍ കാണാനുമില്ല. അദ്ദേഹം കുറെ കാര്യങ്ങള്‍ പറയുന്നു. എന്നാല്‍ ഒന്നിലും ഉറച്ചു നില്‍ക്കുന്നില്ല. മൂന്ന് പുതിയ കര്‍ഷക നിയമങ്ങള്‍ കൊണ്ടുവന്ന് കര്‍ഷകരുടെ അന്ത്യത്തിന് തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹമെന്നും ഖഡ്‌ഗെ ആരോപിച്ചു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 100 ലക്ഷം കോടി രൂപയുടെ പദ്ധതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയും രംഗത്തെത്തി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പ്രധാനമന്ത്രി ഇതേ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2019 ആഗസ്ത് 15ന് പ്രഖ്യാപിച്ചതാണ് 100 ലക്ഷം കോടിയുടെ പദ്ധതി. 2020ലും ഇതേ പദ്ധതി വീണ്ടും പ്രഖ്യാപിച്ചു. ഇത്തവണ ഈ തുകയെങ്കിലും മാറ്റാമായിരുന്നു- അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ഉറപ്പു വരുത്തുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.