വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാനെത്തിയില്ല, പ്രധാനമന്ത്രിയുടെ ചടങ്ങുകളിലും പങ്കെടുത്തില്ല; കെ.സി.ആറിനെതിരെ വിമർശനവുമായി ബിജെപി

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നിരന്തരമായി ഭരണഘടനയെ അപമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി വിമർശിച്ചു

Update: 2022-02-05 16:10 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങുകളിൽനിന്ന് 'വിട്ടുനിന്ന്' തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. നേരത്തെ ഹൈദരാബാദ് വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാൻ കെ.സി.ആർ എത്തിയിരുന്നില്ല. ഇതിനു പിന്നാലെ പ്രധാനമന്ത്രി പങ്കെടുത്ത വിവിധ ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തില്ല.

പനിബാധിച്ച് ക്ഷീണിതനായതിനാലാണ് കെ.സി.ആർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്താതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാൽ, കാരണം സ്വീകരിക്കാൻ ബി.ജെ.പി തയാറായിട്ടില്ല. കെ.സി.ആർ നിരന്തരമായി ഭരണഘടനയെ അപമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി തെലങ്കാന കമ്മിറ്റി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പ്രതികരിച്ചു. ഇപ്പോൾ പ്രോട്ടോക്കോൾ ലംഘനം നടത്തിയ അദ്ദേഹത്തിന്റെ നടപടി ലജ്ജാകരവും വിഡ്ഢിത്വം നിറഞ്ഞതുമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.


ഹൈദരാബാദിൽ നിർമിച്ച 11-ാം നൂറ്റാണ്ടിലെ ഭക്തസന്ന്യാസിയും വൈഷ്ണവ ഗുരുവുമായ ശ്രീ രാമാനുചാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടൊപ്പം ഇന്റർനാഷനൽ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സെമി-ഏരിഡ് ട്രോപിക്‌സ്(ഇക്രിസാറ്റ്) സുവർണ ജൂബിലി ചടങ്ങിലും മോദി പങ്കെടുത്തു. ഈ പരിപാടികൾക്കൊന്നും കെ.സി.ആർ എത്തിയില്ല.

കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റ് അവതരണത്തിനു പിന്നാലെ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് കെ.സി.ആർ നടത്തിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപ് എൻ.ഡി.എക്കെതിരെ പ്രതിപക്ഷനിരയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Summary: Telangana Chief Minister K Chandrasekhar Rao skipped welcoming the Prime Minister Narendra Modi at Hyderabad airport and didn't take part in all the events that PM was here to attend

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News