മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രി മോദി യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഉവൈസി
സ്ത്രീകൾക്കെതിരെ ബലാത്സംഗങ്ങൾ ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മണിപ്പൂരിൽ എന്തുകൊണ്ടാണ് മോദി പോകാത്തതെന്ന് ഉവൈസി ചോദിച്ചു
ഹൈദരാബാദ്: കലാപഭൂമിയായ മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രി മോദി യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. സ്ത്രീകൾക്കെതിരെ ബലാത്സംഗങ്ങൾ ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മണിപ്പൂരിൽ എന്തുകൊണ്ടാണ് മോദി പോകാത്തതെന്ന് ഉവൈസി ചോദിച്ചു. ഹൈദരാബാദിലെ പാർട്ടി ആസ്ഥാനത്ത് നടന്ന മീറ്റിങ്ങിൽ മോദിക്കെതിരെ രൂക്ഷവിമർശനമാണ് ഉവൈസി ഉന്നയിച്ചത്.
‘മണിപ്പൂർ ഒരു വർഷമായി കത്തുകയാണ്, എന്നിട്ട് നമ്മുടെ മോദി എന്താണ് ചെയ്ത്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനാണ് മോദി ഇപ്പോൾ ശ്രമിക്കുന്നത്. നമ്മുടെ വീട് നിന്ന് കത്തുകയാണ് അത് ആദ്യം കെടുത്തുകയാണ് വേണ്ടത്. എന്നാൽ സ്വന്തം വീട്ടിലെ തീ അണയ്ക്കാനല്ല, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് ഉവൈസി പറഞ്ഞു.
മദ്റസകളിൽ എകെ47 തോക്കുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറിറെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനമാണ് ഉവൈസി ഉന്നയിച്ചത്. എന്ത് കൊണ്ടാണ് കേന്ദ്രമന്ത്രി മുസ്‍ലിംകൾക്കെതിരെ ഇത്തരം വിദ്വേഷപ്രസ്താവനകൾ നടത്തുന്നതെന്ന് ഉവൈസി ചോദിച്ചു.
സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ മുസ്‍ലിംകൾക്ക് പ്രചോദനമായത് മദ്രസകൾ പുറപ്പെടുവിച്ച ഫത് വകളാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിക്ക് ഇസ്ലാമോഫോബിയ എന്ന രോഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ആയുധങ്ങൾ അക്രമികൾ എടുത്തുകൊണ്ടുപോയ മണിപ്പൂർ കേന്ദ്ര മന്ത്രി സന്ദർശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.