'എന്നെ അഴിമതിക്കാരനാക്കാൻ പ്രധാനമന്ത്രി ​ഗൂഢാലോചന നടത്തി': അരവിന്ദ് കെജ്‌രിവാൾ

'സത്യസന്ധതയോടെയാണ് താൻ പത്ത് വർഷം സർക്കാരിനെ നയിച്ചത്. എന്നാൽ തൻ്റെ സത്യസന്ധതയെ ആക്രമിക്കുക മാത്രമാണ് തന്നെ അതിജയിക്കാനുള്ള ഏക മാർഗമെന്ന് പ്രധാനമന്ത്രി മോദിക്ക് തോന്നി'.

Update: 2024-09-22 10:23 GMT
Advertising

ന്യൂഡൽഹി: തന്നെ അഴിമതിക്കാരനാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാൾ. മുഖ്യമന്ത്രി കസരേയ്ക്ക് ആർത്തിയില്ലാത്തതുകൊണ്ടാണ് താൻ രാജിവച്ചതെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

'പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങൾക്കെതിരെ ഗൂഢാലോചന നടത്തി. ഞാനും മനീഷ് സിസോദിയയും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാൻ അദ്ദേഹം ഗൂഢാലോചന നടത്തി. ഞങ്ങളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ മോദി ശ്രമിച്ചു'- ഡൽഹിയിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച ജനതാ കീ അദാലത്ത് പരിപാടിയിൽ സംസാരിക്കവെ കെജ്‌രിവാൾ പറഞ്ഞു.

സത്യസന്ധതയോടെയാണ് താൻ പത്ത് വർഷം സർക്കാരിനെ നയിച്ചത്. എന്നാൽ തൻ്റെ സത്യസന്ധതയെ ആക്രമിക്കുക മാത്രമാണ് തന്നെ അതിജയിക്കാനുള്ള ഏക മാർഗമെന്ന് പ്രധാനമന്ത്രി മോദിക്ക് തോന്നി. മുഖ്യമന്ത്രി സ്ഥാനത്തിന് ആർത്തിയില്ലാത്തതുകൊണ്ടാണ് താൻ രാജിവച്ചത്. താൻ പണമുണ്ടാക്കാൻ വന്നവനല്ല. രാജ്യത്തിന്റെ രാഷ്ട്രീയം തന്നെ മാറ്റിമറിക്കാൻ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷം മുഖ്യമന്ത്രിയായിരുന്നിട്ടുപോലും ഡൽഹിയിൽ തനിക്കൊരു വീടില്ലെന്നു പറഞ്ഞ അദ്ദേഹം, തനിക്ക് കട്ടിയുള്ള തൊലിയില്ലെന്നും ബിജെപി അഴിമതിക്കാരനെന്ന് വിളിച്ചപ്പോൾ വിഷമം തോന്നിയെന്നും വ്യക്തമാക്കി.

'അരവിന്ദ് കെജ്‌രിവാൾ സത്യസന്ധൻ അല്ലെങ്കിൽ അയാൾ വൈദ്യുതി ചാർജ് സൗജന്യമാക്കുമോ? വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമോ? കുട്ടികൾക്കായി സ്കൂളുകൾ നിർമിക്കുമോ? സൗജന്യ ചികിത്സയ്ക്കായി ആശുപത്രികൾ കൊണ്ടുവരുമോ?. ബിജെപി 22 സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്നു. ഏതെങ്കിലും സംസ്ഥാനങ്ങളിൽ വൈദ്യുതിയും വനിതകൾക്ക് ബസ് യാത്രയും സൗജന്യമാക്കിയിട്ടുണ്ടോ?' - കെജ്‌രിവാൾ ചോദിച്ചു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ സെപ്റ്റംബർ 13ന് സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കെജ്‌രിവാൾ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയും സെപ്റ്റംബർ 17ന് സ്ഥാനമൊഴിയുകയുമായിരുന്നു. ഇതേ കേസിൽ 2023ൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഈ വർഷം ആഗസ്റ്റിലാണ് 17 മാസത്തെ ജയിൽവാസത്തിനു ശേഷം മോചിതനായത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെജ്‌രിവാൾ രാജിവച്ചതിനെ തുടർന്ന് മന്ത്രി അതിഷി മർലേനയെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News